പിറന്നാളിന് വിളിക്കാത്തതില്‍ മമ്മൂട്ടിയോട് പിണങ്ങിയ ആ കുരുന്ന് ഈ മിടുക്കിയാണ്
മലയാളികളുടെ പ്രിയ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം താരത്തിനുള്ള ആശംസകള്‍ക്കൊണ്ട് നിറഞ്ഞു. എന്നാല്‍ പിറന്നാളിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ച ഒരു വീഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. ‘പിണങ്ങല്ലേ, എന്താ മോളുടെ പേര്…’ എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ഒരു വീഡിയോ പങ്കുവെച്ചത്.
സത്യത്തില്‍ ഈ വീഡിയോ ഒരു കുഞ്ഞു വാവയുടെ പരിഭവം പറച്ചിലാണ്. ഇനി എന്താണ് പരിഭവം എന്നല്ലേ… ഹാപ്പി ബര്‍ത്ത്ഡേയ്ക്ക് തന്നെ മാത്രം മമ്മൂട്ടി വിളിച്ചില്ലാ എന്നാണ് കുരുന്നിന്റെ പരിഭവം. മമ്മൂട്ടിയോട് ഇനി ഞാന്‍ മിണ്ടൂല എന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഇതിനോടകംതന്നെ നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഈ മിടുക്കി ആരെന്നും കണ്ടെത്തിയരിക്കുകയാണ്. ദുവാ എന്ന പീലിയാണ് ഈ മിടുക്കി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി ഹമീദ് അലി പുന്നക്കാടന്റേയും സജ്‌ലയുടേയും മകളാണ് പീലി. കടുത്ത മമ്മൂട്ടി ഫാന്‍കൂടിയാണ് ഈ മിടുക്കി.
വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.
Story highlights: Mammooty little fan crying viral video