ബിരുദം കിട്ടി ഇനി ബിരുദാനന്തര ബിരുദമാണ് ലക്ഷ്യം; ഇത് 96-കാരൻ വിദ്യാർത്ഥി
ആഗ്രഹങ്ങൾക്ക് മുന്നിൽ പ്രായം തടസ്സമാകില്ലല്ലോ… തൊണ്ണൂറ്റിയാറാം വയസിൽ ബിരുദം നേടിയ ഒരു മുത്തച്ഛനാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ താരം. ഇറ്റലിക്കാരനായ ജുസപ്പേ പാറ്റേർണോ എന്ന മുത്തച്ഛനാണ് പ്രായത്തെ അതിജീവിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഏറ്റവും പ്രായം കൂടിയ ഈ വിദ്യാർത്ഥി രണ്ട് വിഷയങ്ങളിലാണ് ഡിഗ്രി കരസ്ഥമാക്കിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.
ജുസപ്പേയുടെ ഇഷ്ട വിഷയങ്ങളായ ഹിസ്റ്ററിയിലും ഫിലോസഫിയിലുമാണ് അദ്ദേഹം ഡിഗ്രി സ്വന്തമാക്കിയത്. ഇറ്റലിയിലെ ഏറ്റവും പ്രയമേറിയ വിദ്യാർത്ഥികൂടിയായ അദ്ദേഹം ഈ കൊവിഡ് കാലത്ത് ഓൺ ലൈൻ ക്ലാസുകൾ മുടങ്ങാതെ അറ്റൻഡ് ചെയ്തും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. ചെറുപ്പകാലത്ത് തനിക്ക് നേടിയെടുക്കാൻ കഴിയാതെപോയ ആഗ്രഹങ്ങളെ ഇപ്പോൾ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ മുത്തച്ഛൻ. ബിരുദത്തിന് പുറമെ ബിരുദാനന്തര ബിരുദമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ലക്‌ഷ്യം.
രണ്ടാം ലോക മഹായുദ്ധത്തിൽ ഇറ്റാലിയൻ നാവിക സേനയുടെ ഭാഗമായി പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് ജുസപ്പേ. റെയിൽവേ ജീവനക്കാരനായാണ് ജോലിയിൽ നിന്ന് അദ്ദേഹം വിരമിച്ചത്.
Story Highlights: Man graduated at the age of ninety six