പിപിഇ കിറ്റ് ധരിച്ച് ദൃശ്യം 2 സെറ്റിലേക്ക് മീനയുടെ യാത്ര; യുദ്ധത്തിന് പോകുന്ന അവസ്ഥയെന്ന് താരം
തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുകയാണ് ചലച്ചിത്രതാരം മീന. ഇതിനായി അതീവ സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള താരത്തിന്റെ യാത്ര.
പിപിഇ കിറ്റ് ധരിച്ചുള്ള യാത്രയുടെ അനുഭവങ്ങളും ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്നെ കണ്ടാല്‍ സ്‌പേസിലേക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെ പോലെ തോന്നും. എന്നാല്‍ യുദ്ധത്തിന് പോകുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ഏഴ് മാസത്തിനു ശേഷമുള്ള യാത്ര. ആളനക്കമില്ലാതെ ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച അധികം പേരെ കാണാത്തതും അത്ഭുതപ്പെടുത്തുന്നു. ധരിച്ചിട്ടുള്ളതില്‍ ഒട്ടും സുഖകരമല്ലാത്ത വേഷമാണ് ഇത്. ചൂടും ഭാരവും. കലാവസ്ഥ നല്ലതാണെങ്കില്‍ പോലും നന്നായി വിയര്‍ക്കും.
മുഖം പോലും തുടയ്ക്കാന്‍ പറ്റില്ല. രാവും പകലും പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട്. വേദനകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് അവര്‍ നമുക്കായി കരുതല്‍ നല്‍കുന്നത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.’ മീന ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Story highlights: Meena to join the sets of drishyam-2