‘ഏത് ആള്‍ക്കൂട്ടവും കൊവിഡ് വ്യാപന സാധ്യത പലമടങ്ങ് ഉയര്‍ത്തും എന്നത് അനുഭവം’; കൊവിഡ് ഭേദമായ മന്ത്രി ഡോ. തോമസ് ഐസക്ക് പറയുന്നു

September 16, 2020
Minister Dr. T M Thomas Issac Covid Experience

‘ഏത് ആള്‍ക്കൂട്ടവും കൊവിഡ് വ്യാപന സാധ്യത പലമടങ്ങ് ഉയര്‍ത്തും എന്നത് അനുഭവം’; കൊവിഡ് ഭേദമായ മന്ത്രി ഡോ. തോമസ് ഐസക്ക് പറയുന്നു

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ സമൂഹം. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. ഏത് ആള്‍ക്കൂട്ടവും കൊവിഡ് വ്യാപന സാധ്യത പലമടങ്ങ് ഉയര്‍ത്തും എന്ന് മന്ത്രി ഡോ. തോമസ് ഐസക് പറയുന്നു. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസം തന്റെ കൊവിഡ് അനുഭവങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

ആദ്യത്തെ പാഠം നമ്മള്‍ എല്ലാവരും പാലിക്കേണ്ട അതീവജാഗ്രതയെക്കുറിച്ചാണ്. വെഞ്ഞാറമൂട് രക്തസാക്ഷികളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയത്. അവിടുത്തെ വൈകാരികത ആള്‍ക്കൂട്ടത്തിനിടയില്‍ ശാരീരിക അകലവും മറ്റും പാലിക്കുക ബുദ്ധിമുട്ടായിരുന്നു. എല്ലാവര്‍ക്കും മുഖം മൂടിയുണ്ടായിരുന്നു. സാനിറ്റൈസറും സുലഭം.
പക്ഷെ, ഏത് ആള്‍ക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയര്‍ത്തും എന്നത് അനുഭവം.

എന്റെ രോഗലക്ഷണം കഠിനമായ ക്ഷീണമായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ 20 ഓളം പേരുമായി വീഡിയോ കോണ്‍ഫറന്‍സു വഴി ഇന്ററാക്ഷന്‍ ഉണ്ടായിരുന്നു. സാധാരണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എത്ര മണിക്കൂര്‍ നീണ്ടാലും ക്ഷീണം തോന്നാറില്ല. പക്ഷെ, ഇപ്രാവശ്യം യോഗങ്ങള്‍ക്കിടയില്‍ കിടക്കണമെന്ന് കലശലായ തോന്നല്‍. വൈകുന്നേരമായപ്പോഴേയ്ക്കും ശ്വാസംമുട്ടലും. പിന്നെ വൈകിപ്പിച്ചില്ല. ആദ്യത്തെ ടെസ്റ്റ് എന്റേത്. പോസിറ്റീവ്. വീട്ടിലുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്തു. വേറെയാര്‍ക്കും പ്രശ്‌നമില്ല. ഞാന്‍ മാത്രം ആശുപത്രിയിലേയ്ക്ക്. ബാക്കിയുള്ളവര്‍ എന്റെ വീട്ടില്‍ ക്വാറന്റൈന്‍. പിന്നീട് ഡ്രൈവര്‍ക്കും ഗാര്‍ഡിനും കോവിഡ് സ്ഥിരീകരിച്ചു.

രാത്രിയും പിറ്റേന്ന് പകലുമായി സമ്പൂര്‍ണ്ണ ചെക്ക് അപ്പ്. ചികിത്സ തേടുന്നതില്‍ കാലതാമസം ഒട്ടും ഉണ്ടായില്ല. അതു നന്നായി. വൈറല്‍ ലോഡ് കുറവ്. ഉടനെ ആവശ്യമായ സ്റ്റിറോയിഡ് ആന്റി വൈറല്‍ ഫ്‌ലൂയിഡുകളും തുടങ്ങിയതുകൊണ്ട് ശ്വാസംമുട്ടല്‍ മൂര്‍ച്ഛിച്ചില്ല. കുറച്ചുദിവസം ഫോണ്‍ നിര്‍ത്തിവെച്ചതൊഴിച്ചാല്‍.

എന്റെ ലക്ഷണങ്ങള്‍- കലശലായ ക്ഷീണം, വര്‍ത്തമാനം പറഞ്ഞാല്‍ ശ്വാസംമുട്ടല്‍, ഭക്ഷണത്തോടു വിരക്തി. ദേഷ്യം പെട്ടെന്നുവരുന്നു. സ്റ്റിറോയിഡുകള്‍മൂലമാകാം പ്രമേഹത്തിന്റെ കയറ്റിറക്കങ്ങള്‍. ആദ്യമായി ഇന്‍സുലിന്‍ കുത്തിവച്ചു. ദിവസവും ഒട്ടനവധി തവണ ടെസ്റ്റിംഗ്. ഉറക്കം താളംതെറ്റി. മൂന്നാം ദിവസം ഉറക്കമേ കമ്മിയായി. ശുണ്ഠികൂടി. ചെറിയ തോതില്‍ ഉറക്കഗുളിക. ഇപ്പോള്‍ എല്ലാം സാധാരണ നിലയായി.

ഒരു നല്ല തീരുമാനം എടുത്തത്, ഐസിയുവില്‍ പോകേണ്ട എന്നു തീരുമാനിച്ചതാണ്. അതിന്റെ ഗൗരവം ഇല്ലായെന്നു ഡോക്ടര്‍ തന്നെ സമ്മതിച്ചു. എങ്കില്‍ പിന്നെ ഗൗരവരോഗമുള്ളവരുമായുള്ള സഹവാസം ഒഴിവാക്കാമല്ലോ.

ഡോ. അരവിന്ദാണ് മേധാവി. എല്ലാ ദിവസവും റൗണ്ട്‌സ് ഉണ്ട്. അതിരുകവിഞ്ഞ സംരക്ഷണത്തിലൊന്നും വിശ്വാസമില്ല എന്നുതോന്നും. മാസ്‌കും ഷീല്‍ഡും പൊതുവിലുള്ള കിറ്റും നമ്മളെ റിലാക്‌സ് ആക്കും. കോവിഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചു വിവരം തന്നു. പുതിയ അറിവുകളില്‍ ചിലവ.

(1) കോവിഡ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷിതരാണ്. അത്യപൂര്‍വ്വമായേ രോഗത്തിന് ഇരയാകുന്നുള്ളൂ. മറ്റു പൊതുചികിത്സയിലെ ആരോഗ്യ പ്രവര്‍ത്തകരെയാണ് കോവിഡ് ബാധിക്കുന്നത്.
(2) ഐസിയുവിലെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പോക്ക് അപകടകരമാണ്. കേരളത്തിലെ മരണനിരക്ക് 0.4 ആണ്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകാം.
(3) കാരണം വ്യാപന നിരക്ക് ഇപ്പോള്‍ 1-2 നും ഇടയ്ക്കാണ്. ഒരു രോഗി ഒന്നിലേറെ പേര്‍ക്ക് രോഗം പകരുന്നു.
(4) ഇത് ഐസിയു ബെഡ്ഡുകളുടെമേല്‍ സമ്മര്‍ദ്ദം കൂട്ടും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ രോഗികളില്‍ രണ്ടുതരക്കാരാണ്. പ്രായംചെന്നവര്‍. അതോടൊപ്പം പൊണ്ണത്തടിയന്‍മാരായ ചെറുപ്പക്കാര്‍.

ഡോ. അരവിന്ദിന്റെ അഭിപ്രായത്തില്‍ റെസ്റ്റാണ് പ്രധാനം. രോഗിയായിരിക്കുമ്പോള്‍ വ്യായാമത്തോട് അത്ര പ്രതിപത്തിയില്ലെന്നു തോന്നി. എന്റെ കാര്യത്തില്‍ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ സാധാരണ പ്രവര്‍ത്തനത്തിലേയ്ക്ക് മാറാന്‍ പാടുള്ളൂ എന്നാണ് ഉപദേശം. പതുക്കെ പതുക്കെ നടക്കുന്ന ദൂരം വര്‍ദ്ധിപ്പിക്കുക. സൂക്ഷിക്കേണ്ട ഹോം പ്രോട്ടോക്കോള്‍ കൃത്യമായി എഴുതിത്തന്നെ തന്നിട്ടുണ്ട്. ഇതിനിടയ്ക്ക് സുഖവിവരങ്ങള്‍ തിരക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷര്‍മ്മദും എത്തുമായിരുന്നു.

അസുഖം ഏറെ ഭേദമായെങ്കിലും രണ്ടു പ്രശ്‌നങ്ങള്‍ പൊതുവായിട്ടുണ്ട്. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ചെറിയ ശ്വാസം മുട്ടലുമുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോണ്‍ ഒഴിവാക്കുക. എടുക്കാന്‍ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.

പ്രായം ചെന്നവരും രോഗാതുരത കൂടിയവരും നിര്‍ബന്ധമായും വീട്ടിലിരിക്കണം. അല്ലാത്തവര്‍ക്ക് പുറത്തു പോകാം. അതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഇങ്ങനെ പുറത്തിറങ്ങുന്നവര്‍ ഒരുകാര്യം ഓര്‍മ്മിക്കുക. വീട്ടില്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരുണ്ട്. അതുകൊണ്ട് പുറത്തിറങ്ങുന്നവര്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും അരുത്. സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയ ശേഷമേ വീട്ടില്‍ കയറാവൂ.

ഇനി ഏതെങ്കിലും കാരണവശാല്‍ രോഗം പിടിപെട്ടുപോയാലോ? എല്ലാ ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീവ്രപരിചരണവിഭാഗം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണ്. അതുകൊണ്ട് ഓര്‍മ്മിക്കേണ്ടത്, ആശുപത്രികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ അപ്പുറത്തേയ്ക്ക് രോഗവ്യാപനം കടന്നാല്‍, സ്ഥിതി ഗുരുതരമാകും. അമേരിക്കയിലും ഇറ്റലിയിലും സ്‌പെയിനിലും ഉണ്ടായതുപോലെ കൂട്ടമരണം ഉണ്ടാകും. അത് അനുവദിക്കാനാവില്ല.

അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരും. അത് ജനങ്ങളെ ബോധ്യപ്പെടുത്തി ചെയ്യാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതൊന്നും പോലീസ് രാജൊന്നുമല്ല. അത്യാവശ്യത്തിനുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ. ഒരിക്കല്‍ക്കൂടി പറയട്ടെ, ജാഗ്രതയാണ് മുഖ്യം. മുഖ്യമന്ത്രി പറഞ്ഞതുപോലെ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക.

ഇന്നു കോവിഡ് ആശുപത്രി വിടുന്നു. ഇനി 7 ദിവസം വീട്ടിൽ ക്വാറന്റൈൻ. ഇന്നുകാലത്ത് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്. 6-ാം തീയതിയാണ്…

Dr.T.M Thomas Isaac ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಸೆಪ್ಟೆಂಬರ್ 15, 2020

Story highlights: Minister Dr. T M Thomas Issac Covid Experience