കുട്ടിക്കൂട്ടങ്ങൾക്കൊപ്പം ലാലേട്ടൻ; ശ്രദ്ധേയമായി പഴയകാല ചിത്രം
പലപ്പോഴും സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. രസകരമായ കമന്റുകളോടെ പലപ്പോഴും പങ്കുവയ്ക്കപ്പെടാറുള്ള സൂപ്പർ സ്റ്റാറുകളുടെ പഴയകാല ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിക്കൂട്ടങ്ങൾക്കൊപ്പം നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണുന്നത്.
ചിത്രത്തിൽ മൂന്ന് കുട്ടികൾക്കും മുതിർന്നവർക്കുമൊപ്പമാണ് മോഹൻലാൽ നിൽക്കുന്നത്. ഗായകൻ വിധു പ്രതാപ് ആണ് ഈ പഴയകാല ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിൽക്കുന്ന മൂന്ന് കുട്ടികളിൽ ഒരാൾ വിധു പ്രതാപ് ആണ്. ‘പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും’ എന്ന അടുക്കുറുപ്പോടെയാണ് വിധു പ്രതാപ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
1987 ൽ പകർത്തിയ ചിത്രത്തിനൊപ്പം മറ്റൊരു ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് വിധു ഇൻസ്റ്റാഗ്രാമിൽ ലാലേട്ടനോടുള്ള സ്നേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കരുതലിനെക്കുറിച്ചും പങ്കുവെച്ചത്. ഈ മഹാമാരിയുടെ കാലത്ത് അദ്ദേഹത്തെ പോലൊരാൾ വിളിച്ച് സ്നേഹാന്വേഷണം നടത്തിയതിന്റെ സന്തോഷവും വിധുവിന്റെ വാക്കുകളിൽ നിറയുന്നുണ്ട്.
Story Highlights:Mohanlal old photo shares Vidhu Prathap