‘ഓഷോ തലയില്‍ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും’; രസകരമായ കുറിപ്പ് പങ്കുവെച്ച് തിരക്കഥാകൃത്ത്
സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്. ഓഷോയുടെ വലിയൊരു ആരാധകന്‍ കൂടിയാണ് മോഹന്‍ലാല്‍. താരത്തിന്റെ കൈയിലുള്ള ഓഷോ തൊപ്പിയുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ രാമാനന്ദ്. ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം നിര്‍വഹിക്കുന്ന കത്തനാര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ആര്‍ രാമാനന്ദിന്റേതാണ്.
കുറിപ്പ് ഇങ്ങനെ-
ഓഷോ തലയില്‍ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും
ഒരു ഇറ്റാലിയന്‍ സംവിധായകന്‍ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നല്‍കിയ സമ്മാനമാണ് ഈ തൊപ്പി. ഓഷോ തലയില്‍ വെച്ച തൊപ്പി! കണ്ടപ്പോള്‍ കൗതുകം അടക്കാനായില്ല.. ഒന്ന് തലയില്‍ വെക്കണം ആ പൊന്‍കിരീടം എന്ന് തോന്നി… വെച്ചു… ഹൃദയം തുടിച്ചു പോയി…
എന്നാല്‍ അത്ഭുതപ്പെട്ടത് മടങ്ങാന്‍ നേരം ലാലേട്ടന്‍ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്… ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂര്‍വ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്…കൊതിച്ചു പോയെങ്കിലും, എന്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്… ലാലേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോള്‍ രാമിന് വേണ്ടേ… വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്… ലാലേട്ടന്‍ ആ തൊപ്പിയണിഞ്ഞു… ഒരു നിമിഷം എന്റെ പ്രേമഭാജനം ഓഷോ കണ്‍മുന്നില്‍ രൂപമായി തെളിഞ്ഞു…..
ആര്‍ രാമാനന്ദ്
Story highlights: Mohanlal Osho hat Experience