‘ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്’; അനൂപ് മേനോൻ ചിത്രത്തെ അഭിനന്ദിച്ച് മോഹൻലാൽ
സിനിമ അഭിനയത്തിനപ്പുറം നല്ലൊരു ആസ്വാദകനും കൂടിയാണ് പത്മശ്രീ മോഹൻലാൽ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കണ്ട അനൂപ് മേനോൻ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മോഹൻലാൽ. അനൂപ് മേനോന്‍ ആദ്യമായി സംവിധായകനായ കിംഗ് ഫിഷ് എന്ന സിനിമയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് മോഹൻലാൽ എത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിത്രത്തെ താരം അഭിനന്ദിച്ചത്.
‘ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്… കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ എല്ലാ കലാകാരന്മാർക്കും സാധിയ്ക്കട്ടെ.. അനൂപിനും ടീമിനും വിജയാശംസകൾ.’ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ തിളങ്ങിയ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഫിഷ്. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്.
ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രതീഷ് വേഗ സംഗീതവും മഹാദേവന്‍ തമ്പി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Story Highlights: mohanlal praises anoop menons movie