പാട്ടിനും വയലിനും ഒപ്പം അല്പം മരപ്പണിയും; സന്തോഷം പങ്കുവെച്ച് ഔസേപ്പച്ചൻ

പാട്ട് മാത്രമല്ല മരപ്പണിയും തനിക്ക് വഴങ്ങുമെന്ന് കാണിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. അപ്രതീക്ഷിതമായി കിട്ടിയ കൊറോണക്കാലത്തെ അവധി ദിനങ്ങൾ വ്യത്യസ്തമായി ചിലവഴിക്കുന്ന കലാകാരന്മാരുടെ ചിത്രങ്ങളും വിഡിയോകളും നേരത്തെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പുറമെയാണ് മുതിർന്ന സംഗീത സംവിധായകനും വയലിനിസ്റ്റുമായ ഔസേപ്പച്ചൻ മരപ്പണി ചെയ്യുന്നതിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപെടുന്നത്. അദ്ദേഹം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും.
വയലിൻ പിടിച്ച് ശീലിച്ച കൈകളിൽ ഇപ്പോൾ ഉളിയും കൊട്ടുവടിയുമൊക്കെയാണ്. സ്വന്തമായി മേശയും ഷെൽഫും കുരിശുമൊക്കെ നിർമ്മിച്ചുകഴിഞ്ഞു ഈ പുതിയ മരപ്പണിക്കാരൻ. സാമ്പത്തീക നേട്ടം ലഭിക്കുന്നില്ലെങ്കിലും ഇത് മനസിന് ഒരുപാട് സന്തോഷം പകരുന്നു എന്നാണ് ഔസേപ്പച്ചൻ അഭിപ്രായപ്പെടുന്നത്.
‘നമ്മുടെ ജീവിതത്തിൽ നമ്മുടെ മനസ്സും ശരീരവും മോശമാകുന്നത് വെറുതെ സമയം കളയുന്നത് കൊണ്ടാണ്. ഈ കൊറോണ കാലത്ത് ഇത്തരം സാഹചര്യത്തിൽ നമ്മൾ എത്തിപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തെ നമുക്ക് തന്നെ അതിജീവിക്കാം. ഇതിനു വേണ്ടി ഞാൻ നടത്തിയ ഒരു ശ്രമം ആണ് ഇത്. ഇതിൽ നിന്നും സാമ്പത്തിക നേട്ടം ഒന്നും ഇല്ല എങ്കിലും മാനസികമായി ഒരുപാട് സന്തോഷം നൽകുന്നു. ഇത്തരം കഠിനമായ ജോലി ചെയ്താൽ വയലിൻ വായിക്കുവാൻ പ്രയാസം ആകില്ലേ എന്ന ആശങ്ക എന്റെ കുടുംബം പങ്കു വെച്ചിരുന്നു. എന്നാൽ ഇത് പൂർത്തിയാക്കിയപ്പോൾ എനിക്ക് കൂടുതൽ കരുത്തോടെ വയലിൻ വായിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ആണ് തോന്നിയത്. നിങ്ങൾ എല്ലാവർക്കും ഈ വീഡിയോ പ്രചോദനം ആകും എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ സ്വന്തം ഔസേപ്പച്ചൻ’ എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
Story Highlights: music director ouseppachan wood workshop