സംഗീതത്തെക്കുറിച്ച് ഒന്നുമറിയാതിരുന്ന അദ്ദേഹത്തെ ആ അപകടം ഒരു പിയാനിസ്റ്റാക്കി
തലവാചകം കേള്‍ക്കുമ്പോള്‍ നെറ്റി ചുളിച്ചേക്കാം പലരും. പക്ഷെ സംഗതി സത്യമാണ്. ഒരു അപകടം ഒരു മനുഷ്യനെ പിയാനിസ്റ്റാക്കിയ കഥയുണ്ട്, കഥയല്ല ജീവിതം. ഡെറിക് അമാറ്റോ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. പിയാനോയില്‍ വിസ്മയങ്ങള്‍ തീര്‍ക്കാറുമുണ്ട് അമാറ്റോ.
എന്നാല്‍ ഒരു കാലത്ത് പിയാനോ വായിക്കാന്‍ അറിയില്ല എന്നു മാത്രമല്ല സംഗീതത്തെക്കുറിച്ചു പോലും അമാറ്റോയ്ക്ക് ഒന്നും അറിയില്ലായിരുന്നു. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിച്ച അപകടത്തിന് ശേഷമാണ് അദ്ദേഹം പിയാനോ വായിച്ച് വിസ്മയിപ്പിക്കാന്‍ തുടങ്ങിയത്.
ഒരിക്കല്‍ സ്വിമ്മിങ് പൂളില്‍ ഡൈവ് ചെയ്യുന്നതിനിടെ ഡെറിക് അമാറ്റോയുടെ തല ശക്തമായി ഇടിച്ചു. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഓര്‍മ്മക്കുറവ്, ഒരു ചെവിക്ക് കേള്‍വിക്കുറവ് എന്നിവ അനുഭവപ്പെട്ടു. എന്നാല്‍ ഇതൊന്നുമല്ലാതെ കാര്യമായ ഒരു മാറ്റവും അദ്ദേഹത്തില്‍ സംഭവിച്ചു. അത് അപകടം നടന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു.
അന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ അമാറ്റോ അവിടെ ഒരു കീബോര്‍ഡ് കണ്ടു. പെട്ടെന്ന് അദ്ദേഹം അത് വായിച്ചു തുടങ്ങി. അതും ആരേയും അതിശയിപ്പിക്കുന്ന തരത്തില്‍. അതുവരേയും സംഗീതത്തെക്കുറിച്ച് ഒന്നും അറിയാതിരുന്ന അമാറ്റോ കീബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നതു കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ പോലും അമ്പരന്നു.
പിന്നീടാണ് അദ്ദേഹത്തിന് സംഭവിച്ച അവസ്ഥയെക്കുറിച്ച് എല്ലാവരും മനസിലാക്കിയത്. acquired savant syndrome എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. ഏതെങ്കിലും ഒരു അപകടം ഒരാള്‍ക്ക് ഏതെങ്കിലും ഒരു കാര്യത്തില്‍ പ്രത്യേക കഴിവ് നല്‍കുന്നതാണ് ഈ അവസ്ഥ. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒരു പുസ്തകവും ഡെറിക് അമാറ്റോ എഴുതിയിട്ടുണ്ട്. എന്റെ മനോഹരമായ അപകടം എന്നാണ് പുസ്തകത്തിന്‍റെ പേര്.
Story highlights: Musical Savant Derek Amato