വായുവിലൂടെ ഒഴുകി നടക്കുന്ന ദ്വീപ്; അത്ഭുതമായി മോണ്ട് സെന്റ് മിഷേൽ

September 25, 2020

ഫ്‌ളോട്ടിങ് വീടുകളെക്കുറിച്ചും ഫ്‌ളോട്ടിങ് പാലത്തെക്കുറിച്ചും റെസ്റ്റോറന്റുകളെക്കുറിച്ചുമൊക്കെ കേട്ടിട്ടില്ലേ… എന്നാൽ വെള്ളത്തിലല്ല വായുവിൽ ഒഴുകി നടക്കുന്ന ഒരു ദ്വീപുണ്ട് അങ്ങ് ഫ്രാൻസിൽ. മോണ്ട് സെന്റ്-മിഷേൽ എന്ന ദ്വീപ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ഒരിടം കൂടിയാണ്. ആയിരത്തിലേറെ വർഷങ്ങളുടെ ചരിത്രവുമുണ്ട് ഈ ദ്വീപിന് പറയാൻ.

തീര്‍ത്ഥാടന കേന്ദ്രമായും പഠന കേന്ദ്രമായും യൂറോപ്പിലുടനീളം പ്രസിദ്ധി നേടിയ ഈ ദ്വീപിന് പറയാൻ നിരവധി കഥകളുണ്ട്. ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് ബ്രിട്ടാനിയും നോര്‍മാണ്ടിയും ഉള്‍ക്കടലില്‍ ലയിക്കുന്ന സ്ഥലത്താണ്. ഈ ദ്വീപ് വായുവിലൂടെ ചലിക്കുന്നതായി അനുഭവപ്പെടുന്നത് ഉയർന്ന വേലിയേറ്റ സമയത്താണ്. വേലിയേറ്റ സമയത്ത് ഈ പ്രദേശം ഭൂപ്രദേശത്ത് നിന്ന് തെന്നിമാറുന്നു. ഈ സമയത്ത് ദൂരെ നിന്നും നോക്കിയാൽ മോണ്ട് സെന്റ് മിഷേല്‍ ഭൂമിയില്‍ നിന്നും വിട്ട് ഉയര്‍ന്നുനില്‍ക്കുന്നതായി തോന്നും. 15 മീറ്ററോളം ഉയരത്തില്‍ വരെ ഇവിടെ വേലിയേറ്റം ഉണ്ടാകാറുണ്ട്. അതിനാൽ ഈ പ്രതിഭാസം ഇവിടെ വളരെ വ്യക്തമായി തന്നെ കാണാൻ കഴിയും.

Read also: എസ് പി ബാലസുബ്രമണ്യത്തെ ആശുപത്രിയിൽ സന്ദർശിച്ച് കമൽ ഹാസൻ; തനിക്കായി പാടിയ ഗാനങ്ങൾക്ക് നന്ദിയറിയിച്ച് സൽമാൻ ഖാൻ- പ്രാർത്ഥനയോടെ സിനിമാ ലോകം

അതിശയിപ്പിക്കുന്ന നിർമ്മാണ ഭംഗിയിൽ ആണ് ഈ കോട്ട ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് തടവുകാരെ പാര്‍പ്പിക്കാന്‍ ഈ ദ്വീപ് ഉപയോഗിച്ചിരുന്നു. 1979 ല്‍ ഈ സ്ഥലം യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ ഇടം നേടി. അതേസമയം ഇവിടം സഞ്ചരിക്കാൻ നിരവധിപേർ എത്തുന്നുണ്ടെങ്കിലും ഇത് വെറുമൊരു വിനോദ സഞ്ചാര കേന്ദ്രമല്ല, ഇത് ജനവാസമുള്ള ഒരു ദ്വീപാണ്. ആബിയില്‍ താമസിക്കുന്ന സന്യാസിമാരും കന്യാസ്ത്രീകളും ഉള്‍പ്പെടെ ഏകദേശം 60 ഓളം പേർ ഇവിടെ താമസിക്കുന്നുണ്ട്.

Story Highlights: Mystery behind Mont Saint Michel