‘സിനിമപോലെ രസകരമായ സെറ്റ്’- ഓർമ്മചിത്രങ്ങൾ പങ്കുവെച്ച് നദിയ മൊയ്തു

September 24, 2020

സിനിമാ ഓർമ്മകളെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന താരമാണ് നദിയ മൊയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ പതിവായി തന്റെ ആദ്യകാല സിനിമകളുടെ ഓർമ്മകൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ, ‘വന്നു കണ്ടു കീഴടക്കി’ എന്ന ഹിറ്റ് ചിത്രത്തിൽ നിന്നുള്ള രസകരമായ ചിത്രം പങ്കുവയ്ക്കുകയാണ് നദിയ മൊയ്തു.

1985 ലെ ഹിറ്റായിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലുള്ള ചില ചിത്രങ്ങളും ടീമിനൊപ്പം പ്രവർത്തിച്ച അനുഭവവും നടി പങ്കുവെച്ചിട്ടുണ്ട്. എം ജി സോമൻ, ശങ്കർ, മണിയൻ പിള്ള രാജു, ലാലു അലക്സ് എന്നിവർക്കൊപ്പം നദിയ ഒരു പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.

‘1985ൽ ജോഷി സംവിധാനം ചെയ്ത ‘വന്നു കണ്ടു കീഴടക്കി’ എന്ന ചിത്രത്തിലെ ഓർമ്മകൾ. ഋഷികേശ് മുഖർജി സംവിധാനം ചെയ്ത പ്രശസ്ത ചിത്രം ‘ ഖുബ്സൂരതി’ന്റെ മലയാള റീമേക്കായിരുന്നു അത്. ഈ ചിത്രത്തിലൂടെ ലക്ഷ്മി മാം, അന്തരിച്ച എം ജി സോമൻ, ബേബി ശാലിനി, ശങ്കർ, മണിയൻപിള്ള രാജു, ലാലു അലക്സ് തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. സെറ്റിലെ വൈബ് സ്ക്രിപ്റ്റ് പോലെതന്നെ രസകരമായിരുന്നു’ – നദിയ മൊയ്തു കുറിക്കുന്നു.

https://www.instagram.com/p/CFhJaT6D-CE/?utm_source=ig_web_copy_link

80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു. ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Story highlights; nadiya moithu sharing throwback memories from ‘vannu kandu keezhadakki’ movie