നയൻതാരയും മമ്മൂട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘പുതിയ നിയമം’ ഹിന്ദിയിലേക്ക്
മമ്മൂട്ടിയും നയൻ താരയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ‘പുതിയ നിയമം’ ബോളിവുഡിലേക്ക് ഒരുങ്ങുന്നു. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും സംവിധായകന്‍ നീരജ് പാണ്ഡേയുടെ നിര്‍മാണ കമ്പനിയും ചേര്‍ന്നാണ് ബോളിവുഡില്‍ ചിത്രമൊരുക്കുന്നത്. നിര്‍മ്മാതാവ് അരുണ്‍ നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ചിത്രത്തിലെ താരനിരകളെ സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങൾ ആയിട്ടില്ല. അജയ് ദേവ്ഗണ്‍-കാജോല്‍, സെയ്ഫ് അലിഖാന്‍-കരീനാ കപൂര്‍, ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് എന്നീ പേരുകള്‍ ഹിന്ദി റീമേക്ക് വാര്‍ത്തകള്‍ക്കൊപ്പം ഉയരുന്നുണ്ട്. അതേസമയം താരനിരകളെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
എ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2016 ഫെബ്രുവരിയില്‍ പുറത്തുവന്ന ചിത്രം മികച്ച സ്വീകാര്യതയും നേടിയിരുന്നു. മമ്മൂട്ടി അഡ്വക്കേറ്റ് ലൂയീസ് പോത്തനെയും നയൻതാര വാസുകി എന്ന കഥാപാത്രത്തേയുമാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വില്ലനായി റോഷൻ മാത്യുവാണ് ചിത്രത്തിൽ വേഷമിട്ടത്. വീട്ടമ്മയായ വാസുകി ബലാത്സംഗത്തിന് ഇരയാകുന്നതും ഇരകളോടുള്ള പ്രതികാരവുമാണ് സിനിമയുടെ പ്രമേയം.
Story Highlights:nayanthara-mammoottys-film-puthiya-niyamam-remake-hindi