ഓടിടി റീലിസിന് ഒരുങ്ങി ‘നിശബ്ദം’; ഒക്ടോബർ 2 മുതൽ

September 19, 2020

അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘നിശബ്ദം’. ഓടിടി റീലിസിന് ഒരുങ്ങുകയാണ് ചിത്രം. ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 2 ന് ചിത്രം പുറത്തിറങ്ങും. അനുഷ്കയ്ക്ക് പുറമെ ആര്‍ മാധവനും അഞ്ജലിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ഇത്.

ഹേമന്ദ് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ‘നിശബ്ദം’ എന്ന ചിത്രത്തില്‍ സാക്ഷി എന്ന ഓഡിറ്ററി ചലഞ്ച് ആർട്ടിസ്റ്റിന്റെ വേഷത്തിലാണ് അനുഷ്ക എത്തുന്നത്. മൂകയായ ആര്‍ടിസ്റ്റ് ആയാണ് അനുഷ്‌ക അഭിനയിക്കുന്നത്. സംഗീതജ്ഞൻ ആന്റണിയായി മാധവനും എത്തുന്നു. ഒരു കൊലപാതക രഹസ്യത്തെയും പ്രേത ഭവനത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read also :‘സായാഹ്‌ന തീരങ്ങളിൽ…’ മനോഹരം ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗി’ലെ ഗാനം, വീഡിയോ

ശാലിനി പാണ്ഡെ, മൈക്കിള്‍ മാഡ്‌സെന്‍, സുബ്ബരാജു, ശ്രീനിവാസ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ‘നിശബ്ദം’ എന്ന ചിത്രത്തില്‍. ഷാനില്‍ ഡിയോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോന ഫിലിം കോര്‍പറേഷന്റെ ബാനറില്‍ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം നേരത്തെ ചിത്രം ഏപ്രിൽ 2 ന് തെലുങ്കിന് പുറമെ, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കൊവിഡ് -19 ന്റെ പ്രതിസന്ധിയും തുടർന്നുള്ള തിയേറ്ററുകളുടെ അടച്ചുപൂട്ടലും റിലീസ് മാറ്റിവയ്ക്കാൻ കാരണമായി. പിന്നീട് ചിത്രം റിലീസ് ചെയ്യാൻ ഡിജിറ്റൽ മാധ്യമം തിരഞ്ഞെടുക്കുകയായിരുന്നു അണിയറപ്രവർത്തകർ.

Story Highlights: nishabdham to release on amazon prime on october 2