അമിത വണ്ണവും മൊബൈൽ ഉപയോഗവും; അറിയാം ചില ആരോഗ്യകാര്യങ്ങൾ

September 17, 2020

മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ തന്നെ ബുദ്ധിമുട്ടാണ് ഇന്നത്തെ തലമുറയ്ക്ക്. എന്നാൽ അമിതമായി മൊബൈൽ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ ചെറുതൊന്നുമല്ല. അഞ്ചു മണിക്കൂറിലധികം മൊബൈൽ ഉപയോഗിച്ചാൽ പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ ഉണ്ടാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

കൊളംബിയയിലെ സൈമൺ ബൊളിവർ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിലൂടെയാണ് അഞ്ചുമണിക്കൂറിലധികമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് പൊണ്ണത്തടിയ്ക്ക് ഉള്ള സാധ്യത 43 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്. അമിതമായി ഫോൺ ഉപയോഗിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ജീവിത ശൈലി രോഗങ്ങൾ, അകാല മരണം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നുണ്ട്.

ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയ്ക്കരികിൽ വയ്ക്കുന്നതും മാരക രോഗങ്ങൾക്ക് കാരണമാകും. മൊബൈൽ ഫോണിൽ നിന്നും പുറത്തേക്ക് വരുന്ന വികിരണങ്ങളാണ് ഇതിന് കാരണമാകുന്നത്. ഫോണിൽ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ഫ്രീക്വൻസ്‌ എനർജി മസ്തിഷ്ക ക്യാൻസറിന് വരെ കരണമാകുമെന്നുള്ളതാണ് ഇതിന് പ്രധാന കാരണം. അതോടൊപ്പം ശ്രവണ ഗ്രന്ഥിയിലും, ഉമിനീർ ഗ്രന്ഥിയിലും വരെ ക്യാൻസർ ഉണ്ടാകാൻ ഇത് കാരണമാകും.

അതോടൊപ്പം തന്നെ അമിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ പ്രത്യുത്പാദന ശേഷി കുറയാനും കാരണമാകും. ഫോൺ പോക്കറ്റിലിടുന്നതും അത്ര നന്നല്ല. ഇത് പ്രത്യുത്പാദന ശേഷിയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തതിന് ശേഷം ഫോൺ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി കുറയുന്നതിന് കാരണമാകും. റേഞ്ച് കുറവുള്ള സമയങ്ങളിൽ അമിതമായി ഫോൺ ഉപയോഗിക്കുന്നതും ശരീരത്തെ ദോഷമായി ബാധിക്കും.

Story Highlights: Obesity and phone usage