ആസ്വാദക ഹൃദയങ്ങൾ കവർന്ന് പി ജയചന്ദ്രന്റെ ആലാപനം; പാലക്കാടൻ പെരുമ പറയുന്ന പാട്ട് ഏറ്റെടുത്ത് മലയാളികൾ, വീഡിയോ

September 17, 2020

‘പലതുണ്ട് പലതുള്ളി പെരുവെള്ളം പോലെ

അതിലുണ്ട് തുടി തുള്ളും ഒരു നാടിന്നുള്ളം

ഈ ഉള്ളം തുളുമ്പും ഓളത്തിൽ പാടാം

താളത്തിൽ പാടാം പാലക്കാട് നമ്മുടെ പാലക്കാട്….’

പാലക്കാടിന്റെ നന്മ പറഞ്ഞ് ഒരുങ്ങിയ ഈ ഗാനമാണ് ഇപ്പോൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നത്. മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് മേതിൽ സതീശനാണ്. ശശി വള്ളിക്കാട് ഈണം പകർന്നിരിക്കുന്നു. പാലക്കാടിന്റെ സംസ്കാരവും പാരമ്പര്യവും കലയും എല്ലാം വരികളിലൂടെ പറയുന്ന ഈ ഗാനം ഇതിനോടകം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.

Read also: ‘ധോണിയുടെ ക്രിക്കറ്റിലെ തിരിച്ചുവരവാണ് ഈ ഐപിഎല്‍ സീസണിലെ പ്രധാന ആകര്‍ഷണം’: സേവാഗ്

ഹൃദയതൂലിക ക്രിയേഷൻസ് ഒരുക്കിയ പാട്ട് പാലക്കാട് സ്വദേശിയായ മേജർ രവിയാണ് റിലീസ് ചെയ്തത്. പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ടാണ് മേജർ രവി പാട്ട് ആരാധകർക്കായി സമ്മാനിച്ചത്. അതേസമയം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ പാട്ട് ഇതിനോടകം മികച്ച പ്രതികരണങ്ങളും നേടിക്കഴിഞ്ഞു. പാലക്കാട് ഒരിക്കൽ പോലും കാണാത്തവരുടെയും എത്ര കണ്ടാലും മതിവരാത്തവരുടെയും മനം ഒരുപോലെ നിറയ്ക്കുന്ന ഗാനങ്ങളിൽ ഒന്നാണിത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആലാപനത്തിലെ മാധുര്യവും വരികളിലെ സൗന്ദര്യവും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.

Story Highlights: p jayachandran song palakkad nammude palakkad