വ്യായാമത്തിനൊപ്പം അല്‍പം പിസ്തയും കഴിച്ച് അമിതവണ്ണത്തെ ചെറുക്കാം

September 30, 2020
Pistachio Nuts Help Reduce Cholesterol

പലരേയും ഇക്കാലത്ത് അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. ഫാസ്റ്റ്ഫുഡുകളുടെ അമിതോപയോഗവും വ്യായാമക്കുറവുമെല്ലാമാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണത്തെ ചെറുക്കാന്‍ ദിവസവും അല്‍പം പിസ്ത കഴിക്കുന്നത് ശീലമാക്കാം. പിസ്ത കഴിച്ചു എന്നത് കൊണ്ട് മാത്രം അമിത വണ്ണം കുറയില്ല. അതിന് കൃത്യമായ വ്യായാമം ശീലമാക്കണം.

പിസ്ത എങ്ങനെയാണ് അമിത വണ്ണത്തെ കുറയ്ക്കാന്‍ സഹായിക്കുന്നത് എന്നു നോക്കാം. ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പിസ്തയില്‍. അതുകൊണ്ടുതന്നെ ദഹനം സുഗമമാക്കാന്‍ അല്പം പിസ്ത കഴിച്ചാല്‍ മതി. ദഹനം സുഗമമാകുന്നതു വഴി ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയും. വണ്ണം കുറയ്ക്കാനും പിസ്തയിലെ ഫൈബര്‍ കണ്ടന്റ് സഹായിക്കുന്നു.

ഇതുകൂടാതെ വിശപ്പിനെ ശമിപ്പിക്കാനും പിസ്ത സഹായിക്കുന്നു. പിസ്ത അല്പം കഴിച്ചാല്‍ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടുന്ന സാഹചര്യത്തെ ഒഴിവാക്കാന്‍ പിസ്ത സഹായിക്കുന്നു. പ്രോട്ടീനും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍ കണ്ടന്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്‍ കണ്ടന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അല്‍പം പിസ്ത കഴിച്ചാല്‍ ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.

മോണോസാച്വറേറ്റഡ് ഫാറ്റ് പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പാണ് മോണോസാച്വറേറ്റഡ് ഫാറ്റ്. പിസ്തയിലെ ഈ ഘടകവും അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നതുമൂലം ഹൃദ് രോഗത്തെ ചെറുക്കുന്നതിനും പിസ്ത ഗുണം ചെയ്യുന്നു.

Story highlights: Pistachio Nuts Help Reduce Cholesterol