‘പടകാളി ചണ്ടി ചങ്കരി’ തെറ്റാതെ പാടി ഇന്ദ്രജിത്ത്; വീഡിയോ പങ്കുവെച്ച് പൂർണിമ

September 21, 2020

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അതിമനോഹരമായി അവതരിപ്പിക്കുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. സഹോദരനും അമ്മയും ഭാര്യയുമൊക്കെ വെള്ളിത്തിരയില്‍ സാന്നിധ്യമറിയിക്കുന്നതുകൊണ്ടു തന്നെ പലപ്പോഴും ഈ താരകുടുംബം വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇന്ദ്രജിത്തിനെ പോലെതന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും. അഭിനയത്തിന് പുറമെ നല്ലൊരു ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. ഇത് ഉറപ്പാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മലയാളികളുടെ ഇഷ്ടചിത്രം ‘യോദ്ധ’യിലെ ‘പടകാളി ചണ്ടി ചങ്കരി’ എന്ന ഗാനമാണ് ഇന്ദ്രജിത്ത് പാടുന്നത്. വരികൾ തെറ്റാതെ താളം മുറിയാതെ പാടുന്ന ഇന്ദ്രജിത്തിന്റെ പാട്ട് വീഡിയോ പൂർണിമയാണ് ഇസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.2019 സെപ്തംബർ 21 ന് ചിത്രീകരിച്ച വീഡിയോ ആണിത്. അതേസമയം ഇളയമകൾ നക്ഷത്രയുടെ പഴയ പാട്ട് വീഡിയോയും അടുത്തിടെ പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

അതേസമയം ഇന്ദ്രജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ആഹാ. വടംവലിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആഹാ. കോട്ടയം നീലൂരുള്ള പ്രശസ്തമായ വടംവലി ടീമാണ് ആഹാ. സ്പോർട്സ് ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ ബിബിന്‍ പോൾ സാമുവലാണ് ചിത്രം ഒരുക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും പ്രണയത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മനോഹരങ്ങളായ പാട്ടുകളുമുണ്ട്.

വടംവലിയുടെ പശ്ചാത്തലത്തിലായതിനാൽ എൺപതിലധികം ലൊക്കേഷനുകളിൽ ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ ബാലചന്ദ്രനാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ്.കെ.ജയൻ, സിദ്ധാർഥ ശിവ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തുറമുഖം, ഹലാൽ ലൗ സ്റ്റോറി, തുടങ്ങിയ ചിത്രങ്ങളും ഇന്ദ്രജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story Highlights:poornima shares indrajith singing video