നിറചിരിയോടെ ചേര്‍ന്നുനിന്ന് അയ്യപ്പന്‍നായരും കോശി കുര്യനും; മനോഹരം ഈ പിറന്നാള്‍ ആശംസ
നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച ബിജു മേനോന്‍ പിറന്നാള്‍ നിറവിലാണ് ഇന്ന്. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും. മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരും അവസാനമായി തിയേറ്ററുകളില്‍ ഒരുമിച്ചെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒരു ഫോട്ടോയാണ് ഇത്.
സിനിമയിലെ കഥാപാത്രങ്ങള്‍ ശത്രുക്കളായിരുന്നുവെങ്കിലും നിറചിരിയോടെ ചേര്‍ന്നു നില്‍ക്കുന്ന അയ്യപ്പനും കോശിയുമാണ് ഫോട്ടോയില്‍. വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. മരണം കവര്‍ന്നെടുത്ത സച്ചി അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം കൂടിയാണിത്.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തിയത്. സച്ചി സംവിധാനം നിര്‍വഹിച്ച അനാര്‍ക്കലി എന്ന ചിത്രത്തിലും ബിജു മേനോന്‍ പൃഥ്വിരാജ് കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
അതേസമയം 1995-ല്‍ പുത്രന്‍ എന്ന സിനിമയില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സിലേക്ക് എത്തിയതാണ് ബിജു മേനോന്‍. അവതരിപ്പിക്കുന്ന ഒരോ കഥാപാത്രങ്ങളേയും അദ്ദേഹം പരിപൂര്‍ണ്ണതയിലെത്തിച്ചു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, ആഗതന്‍, മുല്ല, ഡാഡി കൂള്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, സ്നേഹവീട്, ഓര്‍ഡിനറി, മല്ലുസിംഗ്, റോമന്‍സ്, അനാര്‍ക്കലി, ആദ്യരാത്രി, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികവാര്‍ന്ന പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവെച്ചതും.
Story highlights: Prithviraj Sukumaran Birthday wishes to Biju Menon