‘എമ്പുരാന്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണ് ഒരു ആരാധകനായും സംവിധായകനായും’; മനോഹര ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ‘ലൂസിഫര്‍’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം. ‘ലൂസിഫര്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനവും നടന്നിരുന്നു. ‘എമ്പുരാന്‍’ എന്നാണ് ലൂസിഫറിന്റെ തുടര്‍ച്ചയ്ക്ക് നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ലൂസിഫര്‍ എന്ന സിനിമയുടെ തുടര്‍ക്കഥയല്ല. ലൂസിഫറിലെ കഥാപാത്രങ്ങളുടെ പോയ കാലവും ലൂസിഫറിന്റെ തുടര്‍ച്ചയുമായിരിക്കും ചിത്രത്തിലുണ്ടാവുക. എന്തായാലും ഈ പ്രഖ്യാപനവും നിറഞ്ഞ കൈയടികളോടെ ഏറ്റെടുത്തിരുന്നു പ്രേക്ഷകര്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാന്റെ തുടക്കം പേപ്പറില്‍ കണ്ടപ്പോള്‍ മുതല്‍ക്കേ ഒരു ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വളരെ ആവേശത്തിലാണ് ഞാന്‍ എന്നു കുറിച്ചുകൊണ്ടാണ് മുരളി ഗോപിക്ക് ഒപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചത്. എമ്പുരാന്റെ ബ്രീഫ് പൂര്‍ണമായും ലഭിച്ചെന്നും പൃഥ്വിരാജ് കുറിച്ചു.
2021 അവസാനത്തോടെയായിരിക്കും എമ്പുരാന്റെ തുടക്കംകുറിക്കുക. 2019-മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്. മികച്ച ഒരു സസ്പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ജനനേതാവായ പി കെ ആര്‍ എന്ന പി കെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരു കൂട്ടരിലൂടെയും അവര്‍ക്കെതിരെ പോരാടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെയുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രയാണം. 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രംകൂടിയാണ് ലൂസിഫര്‍.
Story highlights: Prithviraj Sukumarans facebook post about Empuraan