രമ്യ കൃഷ്ണയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമ പ്രേമികൾ; ‘വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ’ ശ്രദ്ധനേടി കുറിപ്പ്

September 16, 2020

തെന്നിന്ത്യൻ സിനിമ ലോകത്തെ വിസ്‍മയിപ്പിച്ച നടിയാണ് രമ്യ കൃഷ്ണ. അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് പിറന്നാൾ മംഗളങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നത്. 13 ആം വയസിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം ഇന്നും തെന്നിന്ത്യൻ സിനിമ ലോകത്ത് തിരക്കുള്ള നടിയാണ്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിക്കുന്ന താരം വിവിധ ഭാഷകളിലായി ഇതിനോടകം 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.

അടുത്തകാലത്ത് ഇറങ്ങിയ ബാഹുബലി എന്ന ചിത്രത്തിലെ രമ്യയുടെ അഭിനയമാണ് രമ്യയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രം. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ രമ്യ കൃഷ്ണയെക്കുറിച്ച് ജെനു ജോണി എഴുതിയ കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്ന് നടി രമ്യ കൃഷ്ണന്റെ അമ്പതാം ജന്മദിനമാണ്. വെറ്ററൻ അഭിനേതാക്കളുടെ അഭിനയത്തിന് ലഭിക്കുന്ന പ്രശംസകൾക്ക് പുറമേ അവരുടെ ലുക്കും ആഘോഷിക്കപ്പെടുന്ന സാഹചര്യത്തിൽ രമ്യ കൃഷ്ണനെയും പരാമർശിക്കേണ്ടതാണ്.

സിനിമയിൽ വന്ന കാലത്തെ പോലെ തന്നെ സൗന്ദര്യവും സ്ക്രീൻ പ്രസൻസും ഇന്നുമുണ്ട്. ശബ്ദവും സംസാരരീതിയും ഇപ്പോഴും ഒരു വേറിട്ട ഭംഗിയാണ്. കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു സിഗ്നേച്ചർ കൂൾ ആറ്റിറ്റൂട് കൊടുത്ത് അഭിനയിക്കാൻ കഴിവ് ഉള്ള നടിയാണ്, ഇൻഡസ്ട്രിയിലെ തന്റെ അതാത് സമയത്തെ മറ്റാരുടെയും ശൈലി അല്ല സ്വന്തമായി ഉണ്ടാക്കിയെടുത്ത അഭിനയശൈലിയാണ് രമ്യയുടേത്.

പടയപ്പയിൽ രജനീകാന്തിന് ഒപ്പത്തിനൊപ്പം സ്റ്റൈലിലും എനർജിയിലും ആറ്റിറ്റൂഡിലും പഞ്ച് ഡയലോഗിലും ഒക്കെ പിടിച്ചു നിന്നു രമ്യ, ഇന്നും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ട് നീലാംബരി. കമലഹാസനോട് ഒപ്പം പഞ്ചതന്ത്രത്തിൽ അഭിനയിച്ച മാഗി എന്ന കഥാപാത്രവും കോമഡി നന്നായി കൈകാര്യം ചെയ്ത റോളായിരുന്നു. എല്ലാ ഭാഷകളിലുമായി അനേകം ചിത്രങ്ങളിൽ നായിക ആയ രമ്യ മലയാളത്തിൽ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളാണ് അഹം, ആര്യൻ, ഒരേ കടൽ, അനുരാഗി, മഹാത്മാ.

തിരക്കുള്ള നായിക ആയിരിക്കുന്ന സമയങ്ങളിൽ പോലും ചില ചിത്രങ്ങളിൽ ഗാനരംഗങ്ങളിൽ നർത്തകി ആയും പെർഫോം ചെയ്തിരുന്നു രമ്യ കൃഷ്ണൻ. ചുമ്മാ വന്നു എന്തോ ചെയ്ത് പോവുക എന്നതല്ല വളരെ എലഗന്റ് ആയി തന്നെ പെർഫോം ചെയ്ത് പാട്ടുകൾ ഹിറ്റ് ആവുന്നതിന്റെ ഭാഗം ആവുന്നുണ്ട് രമ്യ, അതിന് ഉദാഹരണങ്ങളാണ് ദൂത് വരുമാ എന്ന കാക്ക കാക്കയിലെ പാട്ടും, അയ്യോ പത്തിക്കിച്ച് എന്ന റിഥത്തിലെ പാട്ടും, മേഘരാഗം നെറുകിൽ എന്ന കാക്കകുയിലിലെ പാട്ടും ഒക്കെ.

ഇന്നും ബാഹുബലി പോലെ പോപ്പുലർ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്ത ആയി നിൽക്കുമ്പോഴും സൂപ്പർ ഡീലക്സ് പോലെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ലീലയും ജയലളിതയുടെ ബയോപിക്കും പോലെയുള്ള കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത് പ്രശംസനീയമാണ്. സിനിമയിൽ കണ്ടു തുടങ്ങിയ കാലം മുതൽ ഇന്ന് വരെ ഒരേ പോലെ ഇഷ്ടം തോന്നിയിട്ടുള്ള കുറച്ച് താരങ്ങളിൽ ഒരാളാണ് രമ്യ കൃഷ്ണൻ. വയസ്സനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ.

അതേസമയം കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Story Highlights: ramya krishnan celebrates 50th birthday