സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 560 കുട്ടികള്‍ക്ക് പഠനവും ഭക്ഷണവും വസ്ത്രവും ഉറപ്പാക്കി സച്ചിന് തെന്‍ഡുല്‍ക്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ സാമൂഹിക സേവന രംഗത്തും ശ്രദ്ധേയനാണ്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന 560 ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് സച്ചിന്റെ സഹായം. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ആഹാരത്തിനും വസ്ത്രത്തിനും ആവശ്യമായ സഹായങ്ങളാണ് സച്ചിന് തെന്‍ഡുല്‍ക്കര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
എന്‍ജിഒ പരിവാര്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് താരം സഹായങ്ങള്‍ എത്തിച്ചു നല്‍കുക. മധ്യപ്രദേശിലെ സേഹോര്‍ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ 560 കുട്ടികള്‍ക്കായിരിക്കും സഹായങ്ങള്‍ ലഭ്യമാവുക.
അതേസമയം കൊവിഡ്ക്കാലത്ത് നിരവധി തവണ സച്ചിന് അനേകര്‍ക്ക് സഹായം എത്തിച്ചു നല്‍കിയിരുന്നു. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന ദിവസവേതനക്കാരും കുട്ടികളും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ക്ക് എച്ച്ഐ5 യൂത്ത് ഫൗണ്ടേഷനിലൂടെ താര സഹായമെത്തിച്ചിരുന്നു. കൂടാതെ കൊവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന അയ്യായിരത്തോളം പേര്‍ക്ക് ഭക്ഷ്യ-ധാന്യങ്ങള്‍ എത്തിക്കുന്നതില്‍ സച്ചിന് പങ്കാളിയായിരുന്നു.
ഇതിനെല്ലാം പുറമെ, കൊറോണ വൈറസ് വ്യാപനത്തിന് എതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയും താരം സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേയ്ക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുമാണ് താരം സംഭാവന നല്‍കിയത്.
Story highlights: Sachin Tendulkar lends support to 560 underprivileged children