ഏറെ പ്രിയപ്പെട്ട വടാപാവ് തയാറാക്കി സച്ചിന്‍; അപ്രതീക്ഷിതമായെത്തിയ ഒരു അതിഥിയും
ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍. കളിക്കളത്തിന് പുറത്തും ആരാധകര്‍ ഏറെയുണ്ട് താരത്തിന്. സമൂഹമാധ്യമങ്ങളിലും സജീവമാണ് സച്ചിന്‍.
കായിക വിശേഷങ്ങള്‍ക്കുമപ്പുറം പലപ്പോഴും വീട്ടുവിശേഷങ്ങളും കുക്കിങ് വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വടാപാവ് തയാറാക്കിയ ചിത്രമാണ് താരം പങ്കുവെച്ചത്. അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥിയേയും താരം പരിചയപ്പെടുത്തുന്നു. അത് ഒരു പൂച്ചയാണെന്ന് അടുത്ത ചിത്രത്തില്‍ വ്യക്തം. ‘വടാപാവ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്‌നാക്കുകളില്‍ ഒന്നാണ്. അപ്രതീക്ഷിതമായെത്തിയ അതിഥിയെ കാണാന്‍ അടുത്ത ചിത്രം നോക്കൂ’ എന്ന ക്യാപ്ഷനൊപ്പമാണ് സച്ചിന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
A post shared by Sachin Tendulkar (@sachintendulkar) on Sep 6, 2020 at 6:29am PDT
മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്‌മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെന്‍ഡുല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ ബറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.
തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994 ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന് ഓപ്പണിങ് ബാറ്റ്സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്. 2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.
Story highlights: Sachin Tendulkar Preparing Favourite Snack Vada Pav