സച്ചി തുടങ്ങിവെച്ച ‘വിലായത്ത് ബുദ്ധ’യില്‍ കേന്ദ്രകഥാപാത്രമായി പൃഥ്വിരാജ്; സിനിമയൊരുങ്ങുന്നു
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ അത് ശരിയാണെന്ന് തോന്നും. കാരണം പലര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെയാണ് മരണം കവരുന്നത്. ഒരുപാട് സുന്ദര സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുണ്ടായിരുന്ന സംവിധായകന്‍ സച്ചിയേയും അപ്രതീക്ഷിതമായാണ് മരണം കവര്‍ന്നത്. സച്ചിയുടെ ഓര്‍മ്മകളില്‍ നിന്നും വിട്ടകന്നിട്ടില്ല സിനിമാലോകവും.
സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിരിക്കുകയാണ് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.
Read more: ധീരതയ്ക്ക് ഗോള്‍ഡ് മെഡല്‍ നേടിയ എലി; റിയല്‍ സൂപ്പര്‍ ഹീറോ
അതേസമയം പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘അയ്യപ്പനും കോശിയും’ ആണ് സച്ചിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ചിത്രം നേടിയതും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവെച്ചതും.
Story highlights: Sachy last script Vilayath Budha to be filmed by his associate