കുടുംബാംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഷൈന്‍ ടോം ചാക്കോ: വീഡിയോ
സിനിമാ വിശേഷങ്ങള്‍ക്കുമപ്പുറം ചലച്ചിത്രതാരങ്ങളുടെ പിറന്നാള്‍ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറാണ് പതിവ്.
അഭിനയമികവുകൊണ്ട് ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണ്ണതയിലെത്തിക്കുന്ന ചലച്ചിത്രതാരമാണ് ഷൈന്‍ ടോം ചാക്കോയുടെ പിറന്നാളായിരുന്നു ഇന്നലെ. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയതും. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് താരത്തിന്റെ പിറന്നാള്‍ ആഘോഷ വീഡിയോ. കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.
1983 സെപ്റ്റംബര്‍ 15ന് കൊച്ചിയിലായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ ജനനം. 2011-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകന്‍ കമലിനൊപ്പം നിരവധിതവണ സഹസംവിധായകനായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ആറാം തിരുകല്‍പന എന്ന ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും പിറന്നാളിനോട് അനുബന്ധിച്ച് പുറത്തെത്തിയിരുന്നു. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് താരം എത്തുന്നതെന്ന സൂചന നല്‍കുന്നുണ്ട് പോസ്റ്റര്‍. ക്രൈം ത്രില്ലറാണ് ആറാം തിരുകല്‍പന. ഷൈന്‍ ടോം ചാക്കോയുടെ തീവ്രത നിറഞ്ഞ നോട്ടംതന്നെയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. അജയ് ദേവലോകമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
കോറിഡോര്‍ 6 ഫിലിംസ് ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അതേസമയം ഷൈന്‍ ടോം ചാക്കോ വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്ന നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുറുപ്പ്, ലവ്, പടവെട്ട്, ഓപ്പറേഷന്‍ ജാവ, ജിന്ന് തുടങ്ങിയ ചിത്രങ്ങളെല്ലാം ഷൈന്‍ ടോം ചാക്കോയുടേതായി പ്രേക്ഷകരിലേക്ക് എത്താനിരിക്കുകയാണ്.
Story highlights: Shine Tom Chacko Birthday Celebration Video