എസ് പി ബാലസുബ്രമണ്യം അന്തരിച്ചു; വിടവാങ്ങിയത് സംഗീത ലോകത്തെ അത്ഭുത പ്രതിഭ

September 25, 2020

എസ് പി ബാലസുബ്രമണ്യം അന്തരിച്ചു. അസുഖബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി എം ജി എം ഹെൽത്ത് കെയറില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് എസ് പി ബിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായത്.

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഗായകനും നടനും സംഗീത സംവിധായകനും നിർമാതാവുമാണ് എസ് പി ബാലസുബ്രഹ്മണ്യം. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ് പി ബിയുടെ ജനനം. കുട്ടിക്കാലം മുതൽക്കേ സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് ചുവടുവെച്ചത് 1966-ലെ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം 39,000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി അദ്ദേഹം പാടി. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും അദ്ദേഹം ഇടം നേടി.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ചലച്ചിത്രതാരവും എസ് പി ബിയുടെ അടുത്ത സുഹൃത്തുമായ കമൽ ഹാസൻ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. എസ് പി ബിയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചും താരം പങ്കുവയ്ക്കുകയും ചെയ്തു. പൂർണമായും ആരോഗ്യവാനാണെന്ന് പറയാൻ സാധിക്കില്ലെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നുമാണ് കമൽ ഹാസൻ അറിയിച്ചത്. കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഇന്ത്യൻ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ഉൾപ്പെടെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Story Highlights:SP Balasubrahmanyam passes away