സ്വന്തം പ്രതിമ നിർമിക്കാൻ ആവശ്യപ്പെട്ടു; കാണാൻ കാത്ത് നിൽക്കാതെ എസ് പി ബി യാത്രയായി

September 29, 2020

കഴിഞ്ഞ ദിവസമാണ് ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. അടുത്തിടെ ശില്പി രാജ്‌കുമാറിനോട് തന്റെ പ്രതിമ നിർമിക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്വന്തം പ്രതിമ കാണാൻ കാത്ത് നിൽക്കാതെ അദ്ദേഹം യാത്രയായി. സ്വന്തം മാതാപിതാക്കളുടെയും തന്റെയും പ്രതിമ ഒരുക്കാനായിരുന്നു എസ് പി ബി രാജ്‌കുമാറിനോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിമയുടെ പണി പൂർത്തിയായപ്പോഴേക്കും അദ്ദേഹം ആശുപത്രിയിൽ ആയി. അതിനാൽ പ്രതിമ കൈമാറാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോഴിതാ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽകലാമിനും മുൻ പ്രധാനമന്ത്രി വായ്‌പേയിക്കുമൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ പ്രതിമയുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്.

സെപ്തംബർ 25 നാണ് എസ് പി ബി മരണത്തിന് കീഴടങ്ങിയത്. അസുഖബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയറില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു.

Read also: ഹൃദയം കാത്ത മമ്മൂക്കയ്ക്ക് നന്ദി: ആശുപത്രിക്കിടക്കയിൽ നിന്നും പ്രസാദ്, വീഡിയോ

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഗായകനും നടനും സംഗീത സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റും നിർമാതാവുമൊക്കെയായി കഴിവ് തെളിയിച്ച താരമാണ്  എസ് പി ബാലസുബ്രഹ്മണ്യം. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

Story Highlights: SPB statue