മൂക്കുത്തി ഭ്രമവും മൂക്കുത്തി സമരവും; അറിയാം ചില മൂക്കുത്തി കഥകൾ
മൂക്കുകുത്താൻ വീട്ടിൽ ഒരു സമരം തന്നെ നടത്തേണ്ടി വന്നുവെന്ന് പല പെൺകുട്ടികളും പറയുന്നത് കേട്ടിട്ടുണ്ട്…എന്നാൽ ഈ മൂക്കുത്തിയ്ക്ക് യാഥാർഥ്യത്തിൽ ഒരു സമരത്തിന്റെ കഥയുണ്ട് പറയാൻ, പോരാടി ജയിച്ച ഒരു മൂക്കുത്തി സമരത്തിന്റെ കഥ…തൊഴിലിനും വസ്ത്രത്തിനും കിടപ്പാടത്തിനും തുടങ്ങി എല്ലാത്തിനും വേണ്ടി സമരം നടത്തിയിരുന്ന ഒരു ചരിത്രമാണ് കേരളത്തിന്റേത്.. അക്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീകൾ പോരാടി നേടിയെടുത്തതാണ് മൂക്കുത്തിയിടാനുള്ള അവകാശവും. മൂക്കുത്തിയിട്ട പെണ്ണിന് ഒരു പ്രത്യേക അഴകാണ്.. കണ്ടാൽ ഒന്നൂടൊന്ന് നോക്കാൻ തോന്നും, എന്നൊക്കെ രസകരമായി പലരും പറയാറുണ്ട്. വ്യത്യസ്ത മോഡലിലുള്ള മൂക്കുത്തികൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അറിയണം ഈ മൂക്കുത്തി സമരത്തിന്റെ കഥ.
കേട്ടാൽ രസകരമായി തോന്നുമെങ്കിലും സംഗതി അത്ര രസകരമായിരുന്നില്ല. മൂക്കുത്തി ഇടുന്നതിനായി സ്ത്രീകൾ നടത്തിയ പോരാട്ടമാണ് മൂക്കുത്തി സമരം. കല്ലുമാല സമരം, മറുമറയ്ക്കൽ സമരം, അച്ചിപ്പുടവ തുടങ്ങിയവയ്ക്കൊപ്പം ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെട്ടതാണ് മൂക്കുത്തിസമരവും.
മൂക്കുത്തിയോടുള്ള പ്രണയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല..ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് പെണ്ണിന് മൂക്കുത്തിയോടുള്ള പ്രണയത്തിന്. 1850- 60 കാലഘട്ടങ്ങളിൽ ഉയർന്ന ജാതിയിൽപെട്ടവർക്ക് മാത്രമായിരുന്നു മൂക്കുത്തിയിടാനുള്ള അവകാശം. ഈ കാലഘത്തിലാണ് ഇതിനെതിരെ ശബ്ദമുയർത്തികൊണ്ട് താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ രംഗത്തുവന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധനികനായ വ്യക്തിയാണ് താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സഹായിക്കുവാൻ അക്കാലഘട്ടങ്ങളിൽ രംഗത്തുണ്ടായിരുന്നത്.
ഒരിക്കൽ കായംകുളത്തെ പന്തളത്ത് മൂക്കുത്തിയണിഞ്ഞുവെന്ന പേരിൽ താഴ്ന്ന ജാതിയിൽപ്പെട്ട ഒരു സ്ത്രീയെ ഉയർന്ന ജാതിക്കാർ അതിക്രൂരമായി മർദിച്ചു. അവൾ അണിഞ്ഞിരുന്ന മൂക്കുത്തി പറിച്ചെടുത്തു. ഇതറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കർ കോപിതനായി. ഉടനെ അദ്ദേഹം താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്കായി നൂറ് സ്വർണ്ണത്തിന്റെ മൂക്കുത്തി വാങ്ങി നൽകി. ഇത് ധരിക്കുന്നതിനായി അവരെ പ്രേരിപ്പിച്ചു. മൂക്കുത്തി ധരിച്ചതിന്റെ പേരിൽ താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ ഉപദ്രവിക്കാൻ വന്നവരെ അടിച്ചോടിക്കുകയും ചെയ്തു. ഇത് പുതിയൊരു മാറ്റത്തിലേക്കാണ് വഴിതെളിച്ചത്. ഒപ്പം ചരിത്രത്താളുകളിൽ മൂക്കുത്തിസമരമെന്ന പേരിൽ ഈ സംഭവവും എഴുതിച്ചേർക്കപെട്ടു.
Story Highlights: story behind nosering