‘ഒരു മുറൈ വന്തു പാരായോ’; റെക്കോർഡിങ് ഓർമകളുണർത്തുന്ന അപൂർവ കാലം പങ്കുവെച്ച് സുജാത
മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. കഥയും കഥാപാത്രങ്ങളും പാട്ടുമൊക്കെ ഒരുപോലെ പ്രിയപ്പെട്ട ചിത്രത്തിലെ ‘ഒരു മുറൈ വന്തു പാരായോ’ എന്ന ഗാനം പിറന്ന അനുഭവം പങ്കുവെക്കുകയാണ് ഗായിക സുജാത മോഹൻ. പാട്ടിന്റെ റെക്കോർഡിങ്ങിന് തൊട്ട് മുൻപ് എടുത്ത ചിത്രമാണ് സുജാത പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ ഫാസിലും സംഗീത സംവിധായകൻ എം.ജിരാധാകൃഷ്ണനുൾപ്പെടെയുള്ളവരെ ചിത്രത്തിൽ കാണാം.
സിനിമ പുറത്തിറങ്ങി ഇരുപത്തിയേഴ് വർഷം പൂർത്തിയാകുമ്പോഴും ഇന്നും മലയാളികളുടെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഒരു മുറൈ വന്തു പാരായോ. ചിത്രത്തിലെ ഈ ഗാനം ആലപിച്ചത് സുജാത മോഹനാണ്. എന്നാൽ പാട്ടിന്റെ മറ്റു പതിപ്പായ ‘ഒരു മുറൈ വന്തു പാർത്തായ’ ആലപിച്ചത് കെ എസ്.ചിത്രയും കെ ജെ യേശുദാസും ആണ്.
എം.ജി.രാധാകൃഷ്ണനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും ഒരുപാട് മിസ് ചെയ്യുന്നു. മലയാളമുള്ള അത്രയും കാലം മണിച്ചിത്രത്താഴും ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി തുടരുമെന്നുമടക്കം നിരവധി കമന്റുകളാണ് സുജാതയുടെ ചിത്രത്തിന് ലഭിക്കുന്നത്.
മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. നടന വിസ്മയങ്ങൾ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം..എത്രകണ്ടാലും മതിവരാത്ത, ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്.
Story Highlights:sujatha mohan shares memories of manichitrathazhu song