പൈനാപ്പിൾ പിസയും പൈനാപ്പിൾ പെണ്ണും; പൃഥ്വിയുടെ പാട്ടിനെ ട്രോളി സുപ്രിയ

September 24, 2020

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലുമൊക്കെ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട് പൃഥ്വിരാജിന്റെ ചില കുടുംബ വിശേഷങ്ങള്‍. താരത്തിന്റെ ഭാര്യ സുപ്രിയ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പൃഥ്വിരാജിന്റെ ചലച്ചിത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പും ശ്രദ്ധ നേടുന്നു. ഇത്തവണ പൃഥ്വിരാജിനെ ട്രോളികൊണ്ടാണ് സുപ്രിയ എത്തിയിരിക്കുന്നത്. 90 കളിലെ കുട്ടികൾക്ക് പൈനാപ്പിൾ പിസ എന്ന് കേൾക്കുമ്പോഴും പൈനാപ്പിൾ പെണ്ണെ എന്ന് കേൾക്കുമ്പോഴുമുള്ള വ്യത്യസ്ത ഭാവങ്ങൾ പൃഥ്വിരാജിന്റെ മീം ഉപയോഗിച്ച് ഒരുക്കിയിരിക്കുകയാണ് സുപ്രിയ. പൃഥ്വിരാജ് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ മീം ആണ് ഇതിനായി സുപ്രിയ തിരഞ്ഞെടുത്തിരിക്കുന്നത്.

പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ പാട്ടാണ് പൈനാപ്പിൾ പെണ്ണെ. 2004 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വിനയനാണ്.

അതേസമയം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Read also: ‘അപ്പ ആശുപത്രി വിടാൻ കാത്തിരിക്കുന്നു’; എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മകന്‍

പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘കടുവ’. കടവയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story Highlights: supriya menon trolls husband prithviraj