അഞ്ച് കഥകൾ അഞ്ച് സംവിധായകർ ഒരു ചിത്രം; റിലീസിനൊരുങ്ങി ‘പുത്തം പുതുകാലൈ’

September 30, 2020

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സിനിമ മേഖല ഉൾപ്പെടെ വളെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ സിനിമ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ ഒരുക്കുകയാണ് തമിഴ് സിനിമ മേഖല. അഞ്ച് കഥകൾ അഞ്ച് സംവിധായകർ ഒരു ചിത്രം എന്ന എന്ന ആശയത്തിൽ ഒരുക്കിയ പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. സംവിധായകരായ സുധാ കൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യും. ‘പുത്തം പുതുകാലൈ’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മണിരത്നത്തിന്റെ നേതൃത്വത്തില്‍ ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ‘നവരസ’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അതേസമയം തമിഴ് സിനിമ മേഖലയിൽ നിന്നും ഓൺലൈൻ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണ് സൂര്യയുടെ ‘സൂരരൈ പോട്ര്’. 200 ലധികം രാജ്യങ്ങളിൽ ഓടിടി റിലീസിന് ഒരുങ്ങുന്ന സുധ കൊങ്ങര ചിത്രമാണ് ‘സുരരൈ പോട്രു’. സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്.

Read also: ഇത് പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ച; അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായുണ്ടായ സർട്ട്സി ദ്വീപിനുണ്ട് നിരവധി പ്രത്യേകതകൾ

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 30 ന് ആമസോണ്‍ പ്രൈം വഴി ചിത്രം പ്രേക്ഷകരിലേക്കെത്തും.

Story Highlights: Tamil anthology film Putham Pudhu Kaalai