മഴക്കാലത്ത് കാറിനും വേണം കൃത്യമായ പരിചരണം; അറിയാം ചില പൊടികൈകൾ
മഴക്കാലത്ത് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എന്നാൽ ഡ്രൈവ് ചെയ്യുന്നതിന് മുൻപായി വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തണം. ടയര്‍, ബ്രേക്ക്, ബോഡി, ലൈറ്റുകള്‍ തുടങ്ങി പുറമേയുള്ള ഭാഗങ്ങളുടെ നിലവാരം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ അതിനൊപ്പം തന്നെ മഴക്കാലത്ത് കാറുകൾക്ക് കൃത്യമായ പരിചരണവും നൽകണം. ഇക്കാല ഘട്ടത്തിൽ വാഹനങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേല്‍ക്കാതിരിക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
മഴക്കാലത്ത് വാഹനത്തിനുള്ളിൽ പൊതുവെ ദുർഗന്ധം അനുഭവപ്പെടാറുണ്ട്. ഇത് തടയുന്നതിനായി കാര്‍ ഫ്‌ളോര്‍ എപ്പോഴും ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കാറിനുള്ളില്‍ റബ്ബര്‍ അല്ലെങ്കില്‍ ഫാബ്രിക് മാറ്റുകള്‍ നിര്‍ബന്ധമായും ഇടണം. ക്ലീനര്‍ സ്പ്രേയോ ഫോം ബേസ്ഡ് പ്രൊഡക്ടുകളോ ഉപയോഗിച്ച് കാറിനുള്ളിലെ ഈർപ്പം ഇല്ലാതാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് പുറമെ വാഹനത്തിലെ എസി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇത് ദുര്‍ഗന്ധമുണ്ടാക്കാന്‍ കാരണമാകും. അതുകൊണ്ട് എസിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തേണ്ടതുണ്ട്.
മഴക്കാലത്ത് കാറിന്റെ പുറം ഭാഗത്തും ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. മഴക്കാലത്ത് ടയറുകളില്‍ നിന്നും മറ്റും തെളിക്കുന്ന ചെളിയും വെള്ളവും കാറിന്റെ ബോഡിയില്‍ പിടിച്ചിരിക്കുകയും പിന്നീട് ഇവിടെ തുരുമ്പെടുക്കുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിനായി ഇടയ്ക്കിടെ ബോഡി ഭാഗം ക്ളീൻ ചെയ്യണം.ഓയിലും ഡീസലും ഉപയോഗിച്ച് ഈ ഭാഗം വൃത്തിയാക്കാം. വാഹനത്തിന്റെ ബോണറ്റിന്റെയും ബൂട്ട് ഡോറിന്റെയും അടിഭാഗത്തും ഇത്തരത്തിൽ ചെളി അടിഞ്ഞുകൂടുകയും ഇവിടെയുള്ള ദ്വാരങ്ങൾ അടഞ്ഞു പോകുകയും ചെയ്യാറുണ്ട് ഇതും കൃത്യമായ പരിചരണത്തോടെ ശ്രദ്ധിക്കണം.
മഴക്കാലത്ത് വാഹനം കവർ ചെയ്ത് വയ്ക്കുന്നത് അത്ര സുരക്ഷിതമല്ല. ഇങ്ങനെ ചെയ്‌താൽ നനയുമ്പോള്‍ ബോഡിയുമായി ഒട്ടിപ്പിടിക്കുന്ന കവറുകള്‍ ഉണങ്ങുമ്പോള്‍ പെയന്റുമായും ഒട്ടിചേരുകയും കവർ മാറ്റുമ്പോൾ പെയിന്റ് പൊളിയാനും സാധ്യതയുണ്ട്. അതിനാൽ ഈ പ്രയോഗം ഒഴിവാക്കി. മഴക്കാലത്ത് വാഹനം ഷെഡിലോ മേൽക്കൂരയിള്ള സ്ഥലത്തോ ഇടുന്നതാണ് നല്ലത്.
Story Highlights: tips to keep your car clean this monsoon
.