ഇത് ‘ഭൂതത്താന്റെ നടവരമ്പ്’; വ്യത്യസ്തമായ ഈ പേരിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ
പ്രകൃതി ഒരുക്കുന്ന പല കാഴ്ചകളും ആസ്വദിക്കാനായി നിരവധിപ്പേർ മനോഹരവും വ്യത്യസ്തവുമായ സ്ഥലങ്ങൾ തേടിപോകാറുണ്ട്. അത്തരക്കാർക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഭൂതത്താന്റെ നടവരമ്പ്. പേരിൽ അല്പം വ്യത്യസ്തത പുലർത്തുന്ന ഈ സ്ഥലം അയർലണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. കടലിൽ നിന്നും കൊത്തി എടുത്ത പോലുള്ള നിരവധി ഷഡ്ഭുജ കല്ലടുക്കു തൂണുകൾ നിരത്തിവെച്ചിരിക്കുന്ന ഈ സ്ഥലം കാഴ്ചക്കാരെ ഏറെ ആകർഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
1986 -ൽ ഭൂതത്താന്റെ നടവരമ്പ് എന്ന ഈ സ്ഥലത്തെ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി തെരഞ്ഞെടുത്തിരുന്നു. അതേസമയം ഈ സ്ഥലത്തിന്റെ പേരിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ. ‘ഭൂതത്താന്റെ നടവരമ്പ്’ എന്നാണ് ഈ ഇടത്തിന്‍റെ വിളിപ്പേര്. ഈ സ്ഥലത്തിന് ഇത്തരത്തിൽ വ്യത്യസ്തമായ പേര് വന്നതിനു പിന്നിൽ ആ പ്രദേശത്തെ ചില വിശ്വാസങ്ങളാണ്.
ഇവിടെ കാണുന്ന മനോഹരമായ ഈ സ്തൂപങ്ങൾ നിർമ്മിച്ചത് പുരാതന അയർലണ്ടിലെ ഫിയോൻ മാക്കൂൾ എന്ന ഭൂതമാണെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ വിശ്വാസം. അതിനാലാണ് ഈ പ്രദേശത്തെ ഭൂതത്താന്‍റെ നടവരമ്പ് എന്ന് വിളിക്കുന്നത് അത്രേ. അതേസമയം ശാസ്ത്രം പറയുന്നത് പ്രകാരം 60 ലക്ഷം വർഷം മുൻപുള്ള അഗ്നിപർവത സ്ഫോടന ഫലമായാണ് ഇവിടെ കാണുന്ന കല്ലുകൾ ഈ രീതിയിൽ രൂപപ്പെടാൻ കാരണം. ലാവ തണുത്തുറഞ്ഞപ്പോൾ അവയിൽ വിള്ളൽ പ്രത്യക്ഷപ്പെടുകയും അവ നിരത്തിവെച്ച ഷഡ്ഭുജ തൂണുകൾ പോലെയാവുകയും ചെയ്‌തതാവം എന്നുമാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ.
Story Highlights: Unique place in ireland