‘ഹൃദയം നിറച്ച സമ്മാനം’- ആദ്യമായി വാങ്ങിയ പൾസർ ബൈക്ക് പരിഷ്‌കരിച്ച് നൽകി ഉണ്ണി മുകുന്ദന് ആരാധകരുടെ പിറന്നാൾ സർപ്രൈസ്

September 24, 2020

ഈ വർഷം ഉണ്ണി മുകുന്ദന് വളരെ പ്രത്യേകതകൾ നിറഞ്ഞ ജന്മദിനമായിരുന്നു. സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഒരുങ്ങുന്ന ബ്രൂസ് ലീ എന്ന ചിത്രം പിറന്നാൾ ദിനത്തിലാണ് താരം പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ ആരാധകർ സ്നേഹം നിറഞ്ഞൊരു സമ്മാനമാണ് ഉണ്ണി മുകുന്ദന് നൽകിയത്. ആഗ്രഹിച്ച് ആദ്യമായി വാങ്ങിയ എന്തിനോടും ആളുകൾക്ക് ഒരു അടുപ്പമുണ്ടാകും. ഉണ്ണി മുകുന്ദന് ആദ്യ ബൈക്കായ പൾസറിനോടും അതെ അടുപ്പമായിരുന്നു. എന്നാൽ ആരാധകരിലൊരാൾക്ക് ജോലിക്ക് പോകാൻ എന്ന ആവശ്യത്തെതുടർന്ന് രണ്ടുവർഷം മുൻപ് ഉണ്ണി മുകുന്ദൻ ആ ബൈക്ക് നൽകിയിരുന്നു. ഇപ്പോഴിതാ, ഉണ്ണിയുടെ പിറന്നാൾ ദിനത്തിൽ പൾസർ ബൈക്ക് ചില മാറ്റങ്ങളൊക്കെ വരുത്തി തിരികെ സമ്മാനിച്ചിരിക്കുകയാണ് ആരാധകർ.

ഉണ്ണി മുകുന്ദന്റെ ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൾസർ ബൈക്കിന്റെ കഥ പ്രേക്ഷകരിലേക്ക് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇന്ന് ഏട്ടന്റെ പിറന്നാൾ ദിവസമായിട്ട്, ഞങ്ങൾ ഫാൻസ്‌ എല്ലാവരും ചേർന്ന് ഏട്ടന് ഒരു ഗിഫ്റ്റ് കൊടുത്തു. ഏട്ടൻ ആദ്യമായിട്ട് വാങ്ങിയ പൾസർ 150cc ബൈക്ക് ഞങ്ങൾ മോഡിഫൈ ചെയ്ത് പുള്ളിക്കുതന്നെ രണ്ടു വർഷങ്ങൾക്കു ശേഷം തിരിച്ചു കൊടുത്തു. നിങ്ങൾ വിചാരിക്കുന്നുണ്ടാവും അത് എങ്ങനെ ഒരു ഗിഫ്റ്റ് ആകുമെന്ന്… ഞാൻ പറയാം… ഏകദേശം രണ്ടര വർഷങ്ങൾ മുൻപ് ഞാൻ ഉണ്ണിയേട്ടനോട് ഒരു കാര്യം പറഞ്ഞു. ‘ഏട്ടാ നമ്മുടെ ഫാൻസിലെ ഒരു പയ്യന് ജോലിക്കു പോവാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.ബൈക്ക് ഇല്ലാത്തതാണ് വിഷയം. ഏട്ടന്റെ കുറേ ബൈക്ക് ഉണ്ടല്ലോ, ഉപയോഗം ഇല്ലാത്ത ഒരു ബൈക്ക് അവനു കൊടുക്കാമോ?’ ഞാൻ സൈഡിൽ ഇരിക്കുന്ന പൾസർ ബൈക്കിനെ ചൂണ്ടി കാണിച്ചു… ഉണ്ണിയേട്ടൻ ഒരു വലിയ ബൈക്ക് പ്രേമിയാണ്. ഞാനും ഒരു ബൈക്ക് പ്രേമിയാണ്, അതുപോലെ എല്ലാവരെയും പോലെ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ വളർന്നവനാണ് ഞാൻ. ഉണ്ണിയേട്ടനും വളരെ സാധാരണ കുടുംബത്തിൽ നിന്നും കേറി വന്ന ആളാണ്. ഫസ്റ്റ് ബൈക്ക് എപ്പോഴും സ്പെഷ്യൽ ആണ് എല്ലാവർക്കും… അപ്പോൾ ഞാൻ പറഞ്ഞ കാര്യം ഉണ്ണിയേട്ടൻ എങ്ങനെ എടുക്കും എന്നു എനിക്ക് അറിയില്ലായിരുന്നു. ഉണ്ണിയേട്ടൻ ആകെ ഒരു കാര്യമേ പറഞ്ഞുള്ളു…. ബൈക്ക് കൊടുത്തോ ബ്രേക്ക്‌ ചെക്ക് ചെയ്തിട്ട്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ ആ ബൈക്ക് എടുത്ത് പല സ്ഥലങ്ങളിലായി റിപ്പയർ ചെയ്തു, മോഡിഫൈ ചെയ്തു. ഉണ്ണിയേട്ടന്റെ ഫേവറിറ്റ് ബൈക്ക് ആണ്. പിന്നെ പുള്ളിക്ക് ഇഷ്ടമുള്ള സ്റ്റൈലും ആണ്. അങ്ങനെ ആ രണ്ടു വർഷത്തിനു ശേഷം അവസാനം ബൈക്ക് ഉണ്ണിയേട്ടന്റെ ഈ ബർത്ത്ഡേയ്ക്ക്, ഞങ്ങൾ ഫാൻസിലെ ഏട്ടന്റെ അനിയന്മാർക്ക്,ഉണ്ണിയേട്ടന് ഗിഫ്റ്റ് ആയി തിരിച്ചു കൊടുക്കാൻ സാധിച്ചു. ഒന്നും ചോദിക്കാതെ ബൈക്ക് തന്ന ഉണ്ണിയേട്ടന് ഞങ്ങൾ ഫാൻസിലെ അനിയന്മാരുടെ വക ഒരു വലിയ പിറന്നാൾ ആശംസകൾ.

https://www.instagram.com/p/CFeFZ4RBHOC/?utm_source=ig_web_copy_link

ആരാധകരുടെ സമ്മാനത്തിൽ ഉണ്ണി മുകുന്ദനും ആവേശത്തിലാണ്. പണത്തിന് നൽകാൻ കഴിയാത്ത ചില സന്തോഷങ്ങളുണ്ട് എന്നും ഈ സമ്മനം ഹൃദയം നിറച്ചെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു. രണ്ടു വര്ഷം മുൻപ് ബൈക്ക് ആവശ്യപ്പെട്ടപ്പോൾ ഞെട്ടിയെങ്കിലും ഇത്രയും നല്ലൊരു സർപ്രൈസ് പ്രതീക്ഷിച്ചില്ലെന്നും താരം കുറിക്കുന്നു.

Story highlights- Unni Mukundan’s fans gift him his first ever bike