വിനീത് ശ്രീനിവാസന്റെ സംഗീതത്തില്‍ ഭാര്യ ദിവ്യ പാടിയപ്പോള്‍; മനോഹരം ഈ ഗാനം
നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തെ മലയാള സിനിമയിലെ സകലകലാവല്ലഭന് എന്നു വേണം വിശേഷിപ്പിക്കാന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് വിനീത് ശ്രീനിവാസന്.
വിനീത് ശ്രീനിവാസന് ആദ്യമായി സംഗീത സംവിധായകനായിരിക്കുകയാണ്. ഈ പാട്ട് ആലപിച്ചതാവട്ടെ വിനീതിന്റെ ഭാര്യ ദിവ്യയും. വിനീത് ശ്രീനിവാസന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പാട്ട് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. ‘ദിവ്യക്ക് ഒപ്പം ഇതിനുവേണ്ടിയുള്ള തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസം. ഒരു ഗായിക എന്ന നിലയില്‍ അവള് ആദ്യമായാണ്, സംഗീത സംവിധായകന് എന്ന നിലയില്‍ ഞാനും.’ വിനീത് പാട്ടിനൊപ്പം കുറിച്ചു.
ഉയര്‍ന്നു പറന്ന് എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നതും. പൃഥ്വിരാജും ടൊവിനോയുമടക്കം നിരവധി താരങ്ങളും പാട്ടിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നു. വിനീത് ശ്രീനിവാസന്റെ സംഗീതത്തേയും ദിവ്യയുടെ ആലാപനത്തേയും പ്രശംസിച്ചുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്റേത് തന്നെയാണ് ഗാനത്തിലെ വരികളും.
കുടുംബവിശേഷങ്ങളും പലപ്പോഴും വിനീത് ശ്രീനിവാസന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന് വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.
Story highlights: Vineeth Sreenivasan And Divya Vineeth New Music Video