ഇടതൂർന്ന് മനോഹരമായ മുടിയുടെ 15 രഹസ്യങ്ങൾ പങ്കുവെച്ച് രജിഷ വിജയൻ
ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ടെലിവിഷൻ അവതാരകയിൽ നിന്നും നായികയായി എത്തിയ രജിഷയുടെ സിനിമകൾക്കൊപ്പം ശ്രദ്ധ നേടിയത് നീണ്ട ഇടതൂർന്ന മുടിയാണ്. മനോഹരമായ മുടി തന്നെയായിരുന്നു രജിഷയുടെ പ്രത്യേകതയും. എന്നാൽ ജൂൺ എന്ന ചിത്രത്തിനായി മുടി തോളൊപ്പം മുറിച്ചപ്പോൾ ആരാധകരാണ് ഏറ്റവുമധികം വിഷമിച്ചത്. അത്രമേൽ സ്നേഹിച്ച് പരിപാലിച്ച മുടി വെട്ടിയപ്പോൾ കണ്ണടച്ചിരുന്ന് കരയുന്ന രജിഷയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, മുടിയുടെ രഹസ്യങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി.
ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കുകയായിരുന്ന രജിഷയോട് മുടിയുടെ രഹസ്യം ചോദിച്ചയാൾക്ക് വിശദമായ മറുപടി നൽകുകയായിരുന്നു താരം. 15 കാര്യങ്ങളാണ് രജിഷ മുടി സംരക്ഷിക്കുന്നതിനായി പങ്കുവെച്ചത്. ഒന്നാമതായി പാരമ്പര്യമായി കിട്ടിയ മുടിയാണിതെന്ന് രജിഷ പറയുന്നു. കുടുംബത്തിൽ എല്ലാവർക്കും നല്ല മുടിയുണ്ട്, അതുകൊണ്ട് ജീനുകളാണ് മുടിയുടെ രഹസ്യമെന്ന് നടി പറയുന്നു.
ഇതുവരെ കൃത്രിമമായ ഒന്നും മുടിയിൽ ചെയ്തിട്ടില്ല. മുടി സ്ട്രെയ്റ്റ് ചെയ്യുകയോ, സ്മൂത്തൻ ചെയ്യുകയോ ബ്ളീച്ച് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് രജിഷ പറയുന്നു. മുടിയുടെ യഥാർത്ഥ ഘടന ഇഷ്ടപ്പെടാൻ ശ്രമിക്കുക എന്നതാണ് മറ്റൊരു രഹസ്യം.
ഷാംപൂ ചെയ്താലുടൻ കണ്ടീഷണർ ഉപയോഗിക്കണം..പക്ഷെ തലയോട്ടിയിൽ പുരട്ടരുത്. അതുപോലെ എണ്ണമയമുള്ള മുടിയുമായി പുറത്തേക്ക് പോകരുത് എന്നും നടി പറയുന്നു. വെളിച്ചെണ്ണയാണ് മുടിക്ക് ഉത്തമം എന്നും കറ്റാർ വാഴ മുടിയിൽ മാജിക് പ്രവർത്തിക്കുമെന്നും രജിഷ കുറിക്കുന്നു.
ഇടക്കെങ്കിലും തലയോട്ടിയിൽ എണ്ണ ചൂടാക്കി പുരട്ടുന്നത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കും. എപ്പോഴും മുടിയിഴകൾ കെട്ടുപിണയാതെ സൂക്ഷിക്കുകയും തലയോട്ടി വൃത്തിയോടെ പരിപാലിക്കുകയും ചെയ്യണം.
എപ്പോഴും പ്രകൃതിദത്ത ഉൽപന്നങ്ങൾ മാത്രം മുടിക്കായി ഉപയോഗിക്കുക. കറ്റാർ വാഴ, വിറ്റാമിൻ ഇ, മുട്ട വെള്ള, തൈര്, എന്നിവ വെളിച്ചെണ്ണയിൽ യോജിപ്പിച്ച് മുടിയിൽ പുരട്ടുന്നതാണ് രജിഷയുടെ മുടിയുടെ രഹസ്യങ്ങളിൽ ഒന്ന്.
സ്വന്തം മുടിയുടെ ഘടന തിരിച്ചറിഞ്ഞ് അതിനായുള്ള ഉൽപന്നങ്ങൾ തിരഞ്ഞെടുക്കണം. ഓരോ വ്യക്തിയുടെയും മുടി വ്യത്യസ്തമാണ്. പച്ചക്കറികളും, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക.
മുടിയിൽ ഏതെങ്കിലും സ്റ്റൈലിംഗ് പരീക്ഷിച്ചാൽ അതിനുമുൻപായി ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേ ഉപയോഗിക്കാൻ മറക്കരുത്. ക്രീമുകളും സ്പ്രേയും മുടിയുടെ സ്വാഭാവികത നഷ്ടമാക്കുന്നതുകൊണ്ട് കഴിവതും ഉപയോഗിക്കാതിരിക്കുക.
Story highlights- 15 hair secrets of rajisha vijayan