പാമ്പിനെ കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ; കൂറ്റൻ ബർമീസ് പെരുമ്പാമ്പിന്റെ നീളം 18.9 അടി
കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കുകയാണ് കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ പിടികൂടിയ ബർമീസ് പെരുമ്പാമ്പ്.18.9 അടി നീളമാണ് ഈ പാമ്പിന് ഉള്ളത്. ഇതുവരെ ഫ്ലോറിഡയിൽ കണ്ടെത്തിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നീളമേറിയ പെരുമ്പാമ്പിന്റെ നീളം 18.8 അടിയായിരുന്നു. ഫ്ലോറിഡയിൽ എല്ലാ വർഷവും ഇത്തരത്തിൽ പാമ്പുകളെ പിടിക്കാറുണ്ട് ഈ വേട്ടയാടലിൽ സാധാരണ ആറ് മുതൽ എട്ടടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെയാണ് പിടികൂടിയിട്ടുള്ളത്. എന്നാൽ ഇതാദ്യമാണ് 18.9 അടി നീളമുള്ള പാമ്പിനെ പിടികൂടുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ റയാൻ ഓസ്‌ബേർണും സുഹൃത്ത് കെവിൻ പാവ്‌ലിഡിസും പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെയാണ് ഈ കൂറ്റൻ പാമ്പിനെ കണ്ടത്. വെള്ളകെട്ടിൽ നിന്നാണ് ഇരുവരും ചേർന്ന് ഈ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. ബർമീസ് പെരുമ്പാമ്പുകൾ സാധാരണയായി മനുഷ്യവാസമുള്ള പ്രദേശങ്ങളിലെ ജലാശയങ്ങളുടെ സമീപത്തായാണ് കണ്ടുവരുന്നത്.
ഈ പ്രദേശത്ത് വലിയ രീതിയിൽ ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകിയിട്ടുണ്ട്. ഇത് ആ പ്രദേശത്തെ മറ്റ് ജീവജാലങ്ങൾക്ക് കടുത്ത ഭീഷണി ആയതിനെത്തുടർന്ന് ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടാനുള്ള അനുമതി അവിടുത്തെ വന്യജീവി വകുപ്പ് നൽകിയിരുന്നു. ഇതിന്റ ഭാഗമായി പിടികൂടിയ പാമ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചു പാമ്പുകളിൽ ഒന്നാണ് ബർമീസ് പെരുമ്പാമ്പ്. ബർമീസ് പെരുമ്പാമ്പുകളിൽ പ്രായമായ പാമ്പിന് ഏകദേശം 12 അടി മുതൽ 19.00 അടിവരെ നീളമാണ് ഉണ്ടാകുക. 90 കിലോഗ്രാം വരെ ഭാരവും ഉണ്ടാകാറുണ്ട്.
Story highlights: 18.9 foot burmese python caught in florida