ശ്രീവിദ്യയുടെ ഓർമ്മകളിൽ കൃഷ്ണകുമാർ; ശ്രദ്ധനേടി പഴയകാല ചിത്രം
മലയാളി സിനിമ ആസ്വാദകരുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് ശ്രീവിദ്യ. സ്വത സിദ്ധമായ അഭിനയത്തിലൂടെ മലയാളി ഹൃദയങ്ങളിൽ ചേക്കേറിയ താരത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ചലച്ചിത്രതാരം കൃഷ്ണകുമാർ. 16 വർഷങ്ങൾക്ക് മുൻപ് കുടുംബസമേതം ശ്രീവിദ്യക്ക് ഒപ്പം എടുത്ത ചിത്രമാണ് കൃഷ്ണകുമാർ പങ്കുവെച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ശ്രീവിദ്യക്ക് ഒപ്പം അഭിനയിച്ച സീരിയലിന്റെ ഭാഗമായി താരം വീട്ടിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ് കൃഷ്ണകുമാർ പങ്കുവെച്ചരിക്കുന്നത്. ‘ചേച്ചിയെ പരിചയപ്പെട്ടത് 1999-തിൽ ശ്രി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി സിനിമയുടെ ഷൂട്ടിംങിനായി ഹരിദ്വാറിൽ പോയപ്പോൾ ആയിരുന്നു. ചേച്ചിയുടെ മകന്റെ വേഷമായിരുന്നു എനിക്ക് ആ ചിത്രത്തിൽ. 2003-2004 ലിൽ ആണ് വസുന്ദര മെഡിക്കൽസ് സീരിയൽ ടെലികാസ്റ്റ് ചെയ്തത്.
തിരുവനന്തപുരമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ആയിടക്ക് സമയമുള്ളപ്പോൾ ചേച്ചി വീട്ടിൽ വരും, കുറെ സമയം ചിലവഴിക്കും, ഭക്ഷണം കഴിക്കും. ചേച്ചി 100 % വെജിറ്റേറിയൻ ആയിരുന്നു. കുട്ടികളെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. അവരിൽ ചേച്ചിക്ക് ഏറ്റവും ഇഷ്ടം ഇഷാനിയെ ആയിരുന്നു. ചേച്ചി പറയും “എന്റെ നക്ഷത്രവുമാണ് ഇഷാനിക്ക്, സുന്ദരിയായി വരും “. സായി ഭക്തയായിരുന്ന ചേച്ചി ധാരാളം കവിതകൾ എഴുതുമായിരുന്നു.
Read also:റെക്കോർഡ് കാഴ്ചക്കാരുമായി ‘നോ ടൈം റ്റു ഡൈ’ തീം സോങ്; പ്രേക്ഷക പ്രീതി നേടി ബില്ലി ഐലിഷ്
2006-ൽ ചേച്ചിയുടെ മരണ വാർത്ത അറിയുന്നത് മാലയോഗം എന്ന സീരിയലിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു. ചേച്ചിയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായി എനിക്കും സിന്ധുവിനും തോന്നി. ചിലർ അങ്ങിനെ ആണ്. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകും. അവർ നമ്മുടെ ആരുമല്ലായിരുന്നു.. പക്ഷെ ആരൊക്കയോ ആയി മാറി.. ഞങ്ങൾക്ക് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് ഞങ്ങളെയും. കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.’
Story Highlights: actor krishna kumar shares memories of srividya