16 -ആം വയസിൽ ജീവിതം മാറ്റിമറച്ച ദുരന്തം; ഇപ്പോൾ കരുത്താവുന്നതും ആ ദുരന്തമെന്ന് അലീമ
പതിനാറാം വയസിലാണ് അലീമ അലി എന്ന പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ച ആ വലിയ ദുരന്തം സംഭവിച്ചത്. 2016 ഡിസംബറിലാണ് അലീമയ്ക്ക് ശരീരമാസകലം പൊള്ളലേറ്റത്. സ്കൂൾ പഠനകാലത്ത് അവധിയ്ക്കായി വീട്ടിൽ എത്തിയപ്പോഴായിരുന്നു അലീമയെ തേടി ആ വലിയ ദുരന്തം എത്തിയത്. തലയിലെ പേൻ ശല്യം ഒഴിവാക്കുന്നതിനായി ഒരു തരം മെഡിസിനൽ ഷാമ്പു തേച്ച് ഇരിക്കുന്നതിനിടെയാണ് അലീമയെ അടുക്കളയിലേക്ക് ‘അമ്മ സഹായത്തിനായി വിളിക്കുന്നത്.
അടുക്കളയിൽ നിന്നും കുനിഞ്ഞ് താഴെ ഇരുന്ന ഒരു പാത്രം എടുക്കുന്നതിനിടെ അലീമയുടെ തലയിൽ അടുപ്പിൽ നിന്നും തീ പിടിച്ചു. പെട്ടന്ന് തീ പടർന്നുപിടിയ്ക്കുന്ന രീതിയിലുള്ള രാസ വസ്തുവായിരുന്നു അലീമ തലയിൽ തേച്ചിരുന്നത്. അത്കൊണ്ടുതന്നെ മുടിയിൽ നിന്നും ശരീരത്തിലേക്കും വേഗം തീ പടർന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരത്തിന്റെ 55 ശതമാനവും പൊള്ളലേറ്റിരുന്നു. മൂന്ന് മാസത്തോളം കോമയിലും അതിന് ശേഷം വർഷങ്ങളോളം മരുന്നുകളും ശസ്ത്രക്രിയകളുമായി അലീമയ്ക്ക് ആശുപത്രിയിലും കഴിയേണ്ടിവന്നു. ഇപ്പോൾ പൂർണമായും സുഖപ്പെട്ടെങ്കിലും പഴയ പോലുള്ള മുടിയും മുഖവും കൈകാലുകളും അലീമയ്ക്ക് ഇപ്പോഴില്ല.
ശരീരത്തിലേറ്റ പൊള്ളലിന്റെ പാടുകൾ സുഹൃത്തുക്കൾക്കിടയിൽ നിന്നും ബന്ധുക്കൾക്കിടയിൽ നിന്നും അലീമയെ മാറ്റിനിർത്തി. എന്നാൽ അന്ന് തന്റെ ജീവിതത്തിൽ സംഭവിച്ച ആ വലിയ ദുരന്തമാണ് ജീവിതത്തിൽ ആത്മവിശ്വാസവും ധൈര്യവും തന്നതെന്നാണ് അലീമ പറയുന്നത്. ഇപ്പോൾ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഒരു ടിക് ടോക്ക് അക്കൗണ്ട് ഉടമയാണ് അലീമ. അതിലൂടെ മേക്കപ്പ് ക്ലാസുകളും ചിത്രങ്ങളും അലീമ പങ്കുവയ്ക്കാൻ തുടങ്ങി. ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights: Aleema survives burns face and body