‘ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി, ഫഹദിന്റെ ഡേറ്റ് ചോദിച്ചു വന്നിട്ടുണ്ട്’; ഓര്‍മ്മകളുണര്‍ത്തി കുറിപ്പ്
ജല്ലിക്കട്ട് എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് ജല്ലിക്കട്ട്. നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് ചലച്ചിത്രപ്രവര്ത്തകന് ആലപ്പി അഷറഫ് പങ്കുവെച്ച കുറിപ്പ്
കുറിപ്പ് വായിക്കാം
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാര്‍ഡ്. ഞാന്‍ സെന്‍സര്‍ ബോര്‍ഡ് മെംബറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ‘നായകന്’ എന്ന ആദ്യ ചിത്രം സെന്‍സര്‍ ചെയ്തതിലൊരാളായിരുന്നു ഞാന്‍. ഇരുത്തംവന്ന ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തില്‍ കൂടി എനിക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ പടം ബോക്സോഫീസില്‍ പരാജയമായിരുന്നു. ഇനിയൊരു ഫ്ളാഷ് ബാക്ക്.
നിര്‍മ്മാതാവ് ഹസീബിന്റെ വീടിന്റെ പാലുകാച്ച്; എറണാകുളത്തുനിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാര് എല്ലാവരുമുണ്ടയിരുന്നു. ഞാനും പ്രൊഡക്ഷന്‍ കണ്ട്രോളര് കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ പിന്നില്‍ വന്ന് തട്ടി സംവിധായകന് ഫാസില്‍ പറഞ്ഞു. ‘നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ’.
‘ശരി ഞാന്‍ വരാം’
തിരികെ പോകും വഴി ഞാന്‍ പാച്ചിക്കായുടെ വീട്ടില്‍ കയറി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
‘എടാ നിന്നെ വരാന്‍ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ല.’ ഒന്നുനിര്‍ത്തി… എന്നിട്ട്, ‘ആരാണി ലിജോ ജോസ് പെല്ലിശ്ശേരി …?
ഷാനു (ഫഹദ് ) ന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ട്..’. ഞാന്‍ പറഞ്ഞു. ‘നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ്..’
‘നിനക്കെങ്ങിനെ അറിയാം…?’ ആദ്യ ചിത്രം സെന്‍സര്‍ ചെയ്ത വിവരവും, അതില്‍ സംവിധായകന്റെ കഴിവുകളും ഞാന്‍ വിവരിച്ചു..
‘എന്നിട്ടാണോ പടം എട്ടു നിലയില്‍ പൊട്ടിയത്’… അതെക്കുറിച്ചല്ലല്ലോ ഞാന്‍ പറഞ്ഞത് സംവിധായകന് കഴിവുള്ളവനാണന്ന് ഉറപ്പാ. അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന്. ചിത്രം ബംബര്‍ ഹിറ്റ്..
ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററില്‍ പോയി കണ്ടു… ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോള്‍… മനസ്സ് കൊണ്ടു അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാന്‍. ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാന്‍ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.
ആലപ്പി അഷറഫ്
Story highlights: Alleppey Ashraf about Lijo Jose Pellissery