‘അഞ്ജലി… പ്രാണാഞ്ജലി’; എസ് പി ബിയുടെ ഓർമയിൽ സംഗീത പ്രേമികൾ

October 5, 2020

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാട് വരുത്തിയ ആഘാതത്തിലാണ് ഇന്ത്യൻ സിനിമ ലോകം. മരണത്തിന് കീഴടങ്ങിയ എസ് പി ബിയ്ക്ക് ആദരമർപ്പിക്കുകയാണ് ലോകം മുഴുവനുമുള്ള സംഗീത പ്രേമികൾ. ഇപ്പോഴിതാ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇറക്കിയ ഗാനമാണ് ആസ്വാദക മനം കവരുന്നത്. രാജീവ് ഗോവിന്ദൻ ഒരുക്കിയ വീഡിയോയ്ക്ക് ഈണം പകർന്നിരിക്കുന്നത് രാഹുൽ രാജാണ്. ഹരിചരൺ ആലപിച്ച് മഗേഷ് കൊല്ലേരി ഗാനരംഗങ്ങൾ ഒരുക്കിയ വിഡിയോ ഇതിനോടകം പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.

ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന എസ് പി ബിയുടെ മുഖം ആസ്വാദക ഹൃദയങ്ങളിൽ വേദന പടർത്തുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും അദ്ദേഹം പാടി അനശ്വരമാക്കിയ പാട്ടുകൾ സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഉണ്ടാകും എന്നാണ് ആസ്വാദകർ അഭിപ്രായപ്പെടുന്നത്.

സെപ്തംബർ 25 നാണ് എസ് പി ബി മരണത്തിന് കീഴടങ്ങിയത്. അസുഖബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയറില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു.

Read also: അവധി ആഘോഷിച്ച് ജയസൂര്യയും കുടുംബവും; സായാഹ്‌ന ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഗായകനും നടനും സംഗീത സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റും നിർമാതാവുമൊക്കെയായി കഴിവ് തെളിയിച്ച താരമാണ്  എസ് പി ബാലസുബ്രഹ്മണ്യം. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

https://www.youtube.com/watch?v=TmnS08dI15U&feature=emb_title

Story Highlights: Anjali.. Prananjali.. A Musical Tribute to SPB