സിബി മലയില്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായി ആസിഫ് അലി; കൊത്ത് ഒരുങ്ങുന്നു
കാലമെത്ര പിന്നിട്ടാലും മലയാള സിനിമാ ആസ്വാദകര്‍ മറക്കാത്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബെത്ലഹേം. ചിത്രത്തിലെ ചില രംഗങ്ങളും പാട്ടുകളുമൊക്കെ പ്രേക്ഷകര്‍ ഇന്നും ഹൃദയത്തിലേറ്റുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ സംവിധായകന് സിബി മലയിലും രഞ്ജിത്തും ഒരുമിക്കുകയാണ്. കൊത്ത് എന്നാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര്.
മലയാളികളുടെ പ്രിയതാരം ആസിഫ് അലി ചിത്രത്തില്‍ നായകനായി എത്തുന്നത്. റോഷന് മാത്യുവും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും. അതേസമയം സിനിമയുടെ ചിത്രീകരണം ആരംഭിച്ചതും സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 2020 പത്താം മാസമായ ഒക്ടോബറിലെ പത്താം ദിനത്തിലായിരുന്നു ഷൂട്ടിങിന് തുടക്കമിട്ടത്.
രഞ്ജിത്തും സുഹൃത്ത് പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് നിര്‍മാണം. രഞ്ജിത്ത്, വിജിലേഷ, സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. സംവിധായകന് കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
Story highlights: Asif Ali with Siby Malayil new movie