പ്രഭാസിന്റെ ജന്മദിനത്തിൽ ‘ബാഹുബലി 2’ അമേരിക്കയിൽ വീണ്ടും റിലീസ് ചെയ്യുന്നു
ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബാഹുബലി. ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരുപോലെ ആരാധകർ ഏറ്റെടുത്തു. ഇപ്പോഴിതാ, ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ അമേരിക്കയിൽ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
2017ൽ റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത് പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ്. ഒക്ടോബർ 23നാണ് പ്രഭാസിന്റെ ജന്മദിനം. അമേരിക്കൻ ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. നോർത്ത് അമേരിക്കയിൽ ആദ്യമായി 100 കോടി രൂപ കടന്ന ചിത്രവും ബാഹുബലിയാണ്. ഇന്ത്യയിലും വിദേശത്തും നിലവിലുള്ള എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ അമേരിക്കൻ ബോക്സോഫീസിൽ മൊത്തം 20 മില്യൺ ഡോളർ കളക്ഷനാണ് നേടിയത്.
ചിത്രത്തിന്റെ ആദ്യ ഭാഗമായ ബാഹുബലി ദ ബിഗിനിങ്ങിനും രണ്ടാം ഭാഗമായ ബാഹുബലി- ദ് കണ്ക്ലൂഷന് എന്നതിനും മികച്ച സ്വീകാര്യയാണ് ലഭിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അനശ്വരമായ ബാഹുബലി ഇന്നും ചലച്ചിത്രാസ്വാദകരുടെ ഓര്‍മ്മകളില്‍ മികച്ചുനിൽകുകയാണ്.
Read More: കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച നടൻ നിവിൻ, നടി മഞ്ജു വാര്യർ- മികച്ച ചിത്രമായി ജല്ലിക്കെട്ട്
പ്രഭാസ്, അനുഷ്ക ഷെട്ടി, സത്യരാജ്, റാണ ദഗ്ഗുബട്ടി, രമ്യ കൃഷ്ണന്, രോഹിണി, നാസര്‍, തമന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രഭാസിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരുന്നു ബാഹുബലി.
Story highlights- ‘Baahubali 2’ gets ready for re-release in the USA