‘മേരെ സായ’ പ്രിയതമയെ ചേർത്തുനിർത്തി പാട്ടുപാടി ഇർഫാൻ ഖാൻ; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് മകൻ, വീഡിയോ

നിരവധി മികച്ച സിനിമകളിലൂടെ ലോകസിനിമയെ തന്നെ ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ വിയോഗത്തെ ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. ഭാര്യയ്ക്കായി പാട്ടുപാടികൊടുക്കുന്ന ഇർഫാൻ ഖാനെയാണ് വീഡിയോയിൽ കാണുന്നത്. ‘മേരെ സായ’ എന്ന പാട്ടാണ് ഇർഫാൻ പ്രിയതമയ്ക്കായി പാടുന്നത്.

കഴിഞ്ഞ ഏപ്രിൽ 29 നാണ് ഇർഫാൻ മരണത്തിന് കീഴടങ്ങിയത്. അൻപത്തിമൂന്നാം വയസിൽ അദ്ദേഹം യാത്രയാകുമ്പോൾ ഇനിയും നിരവധി അംഗീകാരങ്ങൾ, വേഷങ്ങൾ, വേദികൾ എല്ലാം ബാക്കിവെച്ചിരുന്നു. ബോളിവുഡ് സിനിമയെ ലോകത്തിന്റെ നിറുകയിൽ പ്രതിഷ്‌ഠിച്ച അസാമാന്യ പ്രതിഭയാണ് ഇർഫാൻ ഖാൻ.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയപഠനം പൂർത്തിയാക്കി സീരിയൽ രംഗത്തുകൂടിയാണ് ഇർഫാൻ ഖാൻ അരങ്ങേറ്റം കുറിച്ചത്. 1987 മുതലാണ് ഇർഫാൻ ക്യാമറയ്ക്ക് മുന്നിൽ നില്കുന്നത്. പഠന ശേഷം മുംബൈയിലേക്ക് എത്തിയ ഇർഫാൻ അക്കാലത്ത് ഒട്ടേറെ സീരിയലുകളിൽ ഭാഗമായി.. ചാണക്യയും ചന്ദ്രകാന്തയുമൊക്കെയാണ് അതിൽ പ്രധാനം. സീരിയലുകളിലും വില്ലൻ വേഷമായിരുന്നു.

1988ൽ ‘സലാം ബോംബെ’ എന്ന ചിത്രത്തിലാണ് ഇർഫാൻ ആദ്യമായി അഭിനയിക്കുന്നത്. ഹിന്ദി സിനിമയിൽ മാത്രം ഒതുങ്ങി നിന്ന ഒരാളല്ല ഇർഫാൻ ഖാൻ. 2001ൽ ബ്രിട്ടീഷ് ചിത്രമായ ‘ദി വാരിയർ’ ലും ഇർഫാൻ ഖാൻ വേഷമിട്ടു. ഈ സിനിമയാണ് അന്താരാഷ്ട്ര വേദികളിൽ ഇർഫാൻ ഖാൻ ഒരു പരിചിത മുഖമായതിനു പിന്നിൽ.

2003 ൽ അശ്വിൻ കുമാർ സം‌വിധാനം ചെയ്ത ‘റോഡ് ടു ലഡാക്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധിക്കപെട്ടതോടെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഒരുക്കാൻ ഇർഫാൻ ഖാന് കഴിഞ്ഞു. അതെ വർഷം തന്നെ അഭിനയിച്ച ‘മഖ്‌ബൂൽ’ എന്ന ചിത്രവും ഏറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു. പക്ഷെ 2005 ലെ ‘റോഗ്’ എന്ന ചിത്രത്തിലൂടെയാണ് ഇർഫാൻ ഖാൻ ഒരു മുഴുനീള പ്രധാന വേഷത്തിൽ എത്തുന്നത്. ‘റോഗ്’ എന്ന ചിത്രം ഇർഫാൻ ഖാന്റെ തുടക്കമായിരുന്നു എന്ന് തന്നെ പറയാം. കാരണം ശബ്ദത്തേക്കാൾ ഉച്ചത്തിൽ ഇർഫാന്റെ കണ്ണുകൾ സംസാരിക്കുന്നത് ബോളിവുഡ് തിരിച്ചറിഞ്ഞത് ആ സിനിമയിലൂടെയാണ്.

30 വർഷത്തിലേറെ നീണ്ട സിനിമ ജീവിതത്തിൽ 50 ലധികം ഇന്ത്യൻ ചിത്രങ്ങളിലും ബ്രിട്ടീഷ്, അമേരിക്കൻ ചിത്രങ്ങളിലും ഭാഗമായ ഇർഫാൻ ഖാന് ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകിയും ഇർഫാൻ ഖാനെ ആദരിച്ചു.

ദി ലഞ്ച്ബോക്സ് (2013), പിക്കു (2015), തൽവർ (2015), നോ ബെഡ് ഓഫ് റോസസ് (2017) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് തുടർച്ചയായി അദ്ദേഹം വിജയചിത്രങ്ങളുടെ ഭാഗമായത്. ഹോളിവുഡ് ചിത്രങ്ങളായ ‘ദ അമേസിംഗ് സ്പൈഡർ മാൻ’ (2012), ‘ലൈഫ് ഓഫ് പൈ’ (2012), ‘ജുറാസിക് വേൾഡ്’ (2015), ‘ഇൻഫെർനോ (2016) എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഇർഫാൻ കാഴ്ചവെച്ചത്.

‘ഹിന്ദി മീഡിയം’ (2017) എന്ന സിനിമയിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് അദ്ദേഹം നേടി. ആ ചിത്രത്തിന്റെ തുടർച്ചയായ ആംഗ്രെസി മീഡിയത്തിൽ (2020) ആണ് ഇർഫാൻ ഖാൻ അവസാനമായി അഭിനയിച്ചത്.

2018 ൽ ആണ് ഇർഫാൻ ഖാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയത്. രണ്ടു വർഷത്തെ പോരാട്ടത്തിനൊടുവിൽ അദ്ദേഹം യാത്രയായി, ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി..’ലൈഫ് ഓഫ് പൈ’യിലെ അദ്ദേഹത്തിന്റെ വാക്കുകൾ പോലെ വിട പറയാൻ ഒരു നിമിഷം എടുക്കാതെ യാത്ര പറയുകയായിരുന്നു ആ അമൂല്യ കലാകാരൻ.

Story Highlights: babil irrfan khan shares old video of irfan khan