എളുപ്പത്തിൽ തയാറാക്കാം ബനാന ടീ; ശീലമാക്കാം ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഈ ചായ

October 9, 2020

ആരോഗ്യമുള്ള ശരീരത്തോടെ ഇരിക്കാൻ നിരവധി കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെ ഇരിക്കാൻ ഉറക്കം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താൽ തന്നെ പല അസുഖങ്ങളും നമുക്ക് ഉണ്ടാവില്ല. എന്നാൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. ഇത്തരക്കാർക്ക് ശീലമാക്കാവുന്ന ഒരു പാനീയമാണ് ബനാന ടീ.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ബനാന ടീ. പഴം തൊലിയോട് കൂടി വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഈ ചായ തയാറാക്കുന്നത്. സാധാരണ ചായ പോലെത്തന്നെ തയാറാക്കുന്ന ഇതിൽ രുചിക്ക് വേണ്ടി തേനോ കറുവപ്പട്ടയോ ഒക്കെ ചേർക്കാവുന്നതാണ്. ബനാന ടീയിൽ വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങി നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഈ പാനീയം.

പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് ബനാന ടീ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയ ‘ട്രിപ്റ്റോഫാൻ’ മികച്ച ഉറക്കം നൽകുന്ന ഹോർമോണുകളുടെ ഉത്പാദനത്തിനും സഹായിക്കും. അതിന് പുറമെ ഈ പാനീയം ഇത് ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോൾ കൺട്രോൾ ചെയ്യാനും സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. 

എന്നാൽ ഇപ്പോൾ പലരും വളരെ വൈകി കിടക്കാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇത് ശരീരത്തെ വളരെ മോശമായി ബാധിക്കും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ കൃത്യസമയത്തുള്ള ഉറക്കം നല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എന്നാൽ പ്രായമാകുന്നതോടെ പലർക്കും ഉറക്കം നഷ്ടപെടാറുണ്ട്. കൃത്യമായി വ്യായാമം ചെയ്താൽ ഇത് ഒരുപരിധിവരെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Story Highlights: banana tea and its benefits