‘മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് എന്ന തീരുമാനത്തിലെത്തി’; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന
ചലച്ചിത്ര ആസ്വദാകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും ഫാഷന്‍ സെന്‍സുകൊണ്ട് ഫാഷന്‍ലോകത്തും താരം ശ്രദ്ധ നേടുന്നു.
ഫിറ്റ്നെസിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്താറുണ്ട് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഭാവന പങ്കുവെച്ചിരിക്കുന്നതും വര്‍ക്കൗട്ടിനിടെ ജിമ്മില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ്. നീണ്ട ഏഴര മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് എന്ന തീരുമാനത്തിലെത്തി എന്നും താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നു.
നിഷ്കളങ്കമായ ചിരികൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയമാണ് താരം. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം.
മലയാളത്തിലെ മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.
Story highlights: Bhavana Workout photos