ഡ്രൈവർ ചേട്ടാ നിങ്ങൾ പൊളിയാണ്; ബൈക്കുകാരന്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവറെ പ്രശംസിച്ച് സോഷ്യൽ ലോകം
ദിവസവും റിപ്പോർട്ട് ചെയ്യുന്ന വാഹനാപകടങ്ങളുടെ വാർത്തകൾ ഞെട്ടലോടെയാണ് കേൾക്കേണ്ടിവരുന്നത്. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. എന്നാൽ മിക്കപ്പോഴും ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലുകൾ വലിയ ദുരന്തങ്ങളെ ഒഴിവാക്കാറുണ്ട്. ഇപ്പോഴിതാ വലിയ അപകടം ഒഴിവാകുന്നതിനായി സമയോചിതമായി ഇടപെട്ട ഒരു ബസ് ഡ്രൈവറാണ് സോഷ്യൽ ലോകത്തെ താരം. കഴിഞ്ഞ ദിവസമാണ് കനത്ത മഴയെ തുടർന്ന് ഉണ്ടായ ബൈക്ക് അപകടത്തിൽ ബസ് ഡ്രൈവറുടെ മനസാന്നിധ്യം മൂലം ബൈക്കുകാരന്റെ ജീവൻ രക്ഷിക്കാൻ ആയത്.
കോതമംഗലത്തിന് സമീപം പോത്തൻകോടാണ് അപകടം നടന്നത്. റോഡിലൂടെ പോകുകയായിരുന്ന ഇരുചക്രവാഹനം തെന്നിവീണത് പെട്ടന്നായിരുന്നു. ബൈക്കിന് പുറകെ വരികയായിരുന്ന ബസ് ഡ്രൈവർ പെട്ടന്ന് ബസ് വെട്ടിച്ചുമാറ്റി ബ്രേക്ക് ഇട്ടതുകൊണ്ടാണ് വലിയ ഒരു ദുരന്തം ഒഴിവായത്. മഴപെയ്ത് നനഞ്ഞിരുന്ന റോഡിലൂടെ തെന്നി നീങ്ങിയാണ് ബസ് നിന്നത്. ബസിന്റെ പുറം ഭാഗം ബൈക്കിന്റെ പിൻഭാഗത്ത് ഇടിച്ചെങ്കിലും ആർക്കും പരിക്കൊന്നും പറ്റിയില്ല.
കൃത്യസമയത്ത് സമയോചിതമായി ബസ് ഡ്രൈവർ ഇടപെട്ടതിനാലാണ് ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായത്. ആ സമയത്ത് റോഡിൽ വാഹനങ്ങൾ കുറവായതും അപകടം ഒഴിവാകാൻ കാരണമായി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ബസ് ഡ്രൈവറെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ട്.
മഴക്കാലത്ത് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം ചെറിയൊരു ശ്രദ്ധക്കുറവ് വരെയും വലിയരീതിയിലുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം.
Story Highlights: Bus Driver Safe Bike Rider Life