‘എന്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല’- പുരസ്‌കാര നിറവിൽ ഹൃദ്യമായ കുറിപ്പുമായി ചന്തുനാഥ്
പതിനെട്ടാംപടിയിലെ ജോയ് സാറിനെ ആരും മറക്കാനിടയില്ല. കാരണം, ആദ്യ സിനിമയിൽ തന്നെ തന്റേതായ ഇടം അടയാളയപ്പെടുത്താൻ ചന്തുനാഥ് എന്ന അഭിനേതാവിന് ജോയ് സാർ എന്ന കഥാപാത്രത്തിലൂടെ സാധിച്ചു. അതുകൊണ്ടുതന്നെ, ആദ്യ ചിത്രത്തിന് ലഭിക്കുന്ന അംഗീകാരങ്ങളും ചന്തുനാഥിന് വളരെ വലുതാണ്. 44- മത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത് ചന്തുനാഥാണ്. പുരസ്‌കാര നിറവിൽ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ നന്ദിയും സ്നേഹവും അറിയിക്കുകയാണ് ചന്തുനാഥ്.
ചന്തുനാഥിന്റെ കുറിപ്പ്;
‘എന്താണ് എഴുതേണ്ടതെന്ന് എനിക്ക് അറിയില്ല. ഞാൻ പരാജയപ്പെടുന്നു… എന്റെ സന്തോഷം പ്രകടിപ്പിക്കാൻ ആവശ്യമായ വാക്കുകൾ കണ്ടെത്തുന്നതിൽ അക്ഷരാർത്ഥത്തിൽ പരാജയപ്പെടുന്നു. ഒരു തുടക്കക്കാരനെന്ന നിലയിൽ ഈ പുരസ്കാരം ഉത്തരവാദിത്തം ആണ്. പ്രിയപ്പെട്ട ശങ്കർ രാമകൃഷ്ണൻ സർ, ജോയിക്കായി നിലകൊണ്ടതിനും പോരാടിയതിനും നന്ദി. എന്നെ ടീമിൽ നിർത്തിയതിന് നന്ദി ഷാജി നടേശൻ സർ..എന്റെ മാതാപിതാക്കൾ, എന്റെ സ്വാതി, സുഹൃത്തുക്കൾക്കും ദൈവത്തിനും നന്ദി’.
അധ്യാപകനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കെയായ ചന്തുനാഥാണ് ‘പതിനെട്ടാം പടി’യിലെ ജോയ് സാര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. അധ്യാപക ജോലി ഉപേക്ഷിച്ചാണ് ചന്തു സിനിമയിലേക്ക് വരുന്നത്. പതിനെട്ടാം പടി’യില്‍ സഹസംവിധായകനായും നടനായും ഗ്രൂമിംഗ് കണ്‍ട്രോളറായുമൊക്കെ പ്രവര്‍ത്തിക്കാന്‍ ചന്തുനാഥിന് സാധിച്ചു. ആറു മാസത്തോളം എടുത്താണ് ജോയ് എന്ന കഥാപാത്രമായി മാറാനുള്ള മുന്നൊരുക്കങ്ങള്‍ ചന്തുനാഥ് നടത്തിയത്. കൊല്ലം സ്വദേശിയാണ് മാതാപിതാക്കളെങ്കിലും ചന്തുനാഥ് വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണ്. ഗായിക സ്വാതിയാണ് ഭാര്യ. നീലംശ് എന്ന മകനുണ്ട്.
Story highlights- chandunath about film critics awards