രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു
മാസങ്ങളേറെയായി കൊവിഡ് ഭീതിയിലാണ് രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലാണ് കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 78,14,682 ആയി. 650 പേരാണ് ഇന്നലെ മാത്രം കൊവിഡ് മൂലം മരിച്ചത്, ഇതോടെ ആകെ മരണസംഖ്യ 1,17,956 ആയി. അതേസമയം രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു. 6,80,680 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തരായവരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് ആശ്വാസം നൽകുന്നുണ്ട്.
എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടക- 5356, ഡല്‍ഹി- 4,086, തമിഴ്നാട്- 3057 പുതിയ കേസുകളുമാണ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 3765 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം എട്ടു ലക്ഷം കടന്നു.
Story Highlights: Latest covid updates