ഗാന്ധിജയന്തി ദിനത്തിൽ വിത്തുകൾക്കൊണ്ട് ഗാന്ധിജിയുടെ ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്
അത്ഭുതപ്പെടുത്തുന്ന കലാമികവുകൊണ്ട് ശ്രദ്ധേയനാണ് ഡാവിഞ്ചി സുരേഷ്. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന സൃഷ്ടികളില്‍ പലതും സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടാറുണ്ട്. പ്രസിദ്ധരായവരുടെ ചിത്രങ്ങൾ വിവിധ വസ്തുക്കൾ കൊണ്ട് സൃഷ്ടിച്ച് അമ്പരപ്പിച്ചിട്ടുള്ള ഡാവിഞ്ചി സുരേഷ് ഒരുക്കിയ പുതിയ ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് മഹാത്മാ ഗാന്ധിയുടെ ചിത്രമാണ് ഡാവിഞ്ചി സുരേഷ് ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്തയിനം കാർഷിക വിത്തുകൾ ഉപയോഗിച്ച് ആണ് ഗാന്ധിജിയുടെ ചിത്രം ഡാവിഞ്ചി സുരേഷ് ഒരുക്കിയിരിക്കുന്നത്. പത്തൊന്‍പത് ഇനം കാര്‍ഷിക വിത്തുകള്‍ ഉപയോഗിച്ച് മഹാത്മാ ഗാന്ധിയുടെ ചിത്രം ആറടി വലുപ്പമുള്ള വട്ട മേശയ്ക്ക് മുകളില്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഈ കലാകാരൻ നിര്‍മിച്ചത്. ചെറുപയര്‍, മല്ലി, കടുക്, മുളക്, പയര്‍, ചോളം, മത്തങ്ങ, പടവലങ്ങ, ഉഴുന്ന്, വെള്ളരി, വാളരി പയര്‍, ഉലുവ, വഴുതനങ്ങ, ചീര, ജാക്‍ബീന്‍, കുംബളം വെണ്ടക്ക, പാവക്ക, ചുരക്ക എന്നീ വിത്തുകള്‍ ആണ് ചിത്രം നിർമിക്കാനായി ഉപയോഗിച്ചത്.
കൂട്ട് എന്ന പേരില്‍ കൊടുങ്ങല്ലൂര്‍ എറിയാട് കെ വി എച്ച് എസ്സ് എസ്സ് ലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ കൂട്ടിന്‍റെ പേരില്‍ ഗാന്ധി ജയന്തി ദിവസം വിതരണം ചെയ്യാനായി വെച്ച വിത്തുകൾ ഉപയോഗിച്ചാണ് ഈ ചിത്രം ഒരുക്കിയത്. മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ നിന്നുമായി വാങ്ങിയ നല്ലയിനം വിത്തുകളാണ് ഇതിനായി ഉപയോഗിച്ചത്.
Story Highlights:Davinchi suresh seed Art Gandhiji