ആദ്യം അടിച്ചെടുത്തു; പിന്നെ എറിഞ്ഞ് വീഴ്ത്തി; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം

October 5, 2020
DC Won By 59 Runs

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. 59 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.

ടോസ് നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് അടിച്ചെടുത്തു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാര്‍ക്കസ് സ്റ്റൊയിനിസ് 53 റണ്‍സ് നേടി പുറത്താകാതെ നിന്നു. 42 റണ്‍സ് നേടി പൃഥ്വി ഷായുടെ മികവും ബാറ്റിങ്ങില്‍ ഡല്‍ഹിയെ തുണച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കോലപ്പടയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 137 റണ്‍സ് നേടിയത്. 39 പന്തില്‍ നിന്നുമായി 43 റണ്‍സ് അടിച്ചെടുത്ത വിരാട് കോലിയാണ് ബാഗ്ലൂരിന് അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് തെളിയിക്കുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്.

Story highlights: DC Won By 59 Runs